ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം പി.പത്മകുമാര്‍ ഒഴിഞ്ഞേക്കും

കെ.റഷീദ്


തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം പി.പത്മകുമാര്‍ ഒഴിഞ്ഞേക്കും. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും സി.പി.എമ്മില്‍ നിന്നും കടുത്ത പരസ്യവിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നതാണ് സ്ഥാനം ഒഴിയാനുള്ള നീക്കത്തിനുപിന്നിലെന്ന് അറിയുന്നു. പാര്‍ട്ടിയിലും ദേവസ്വം ബോര്‍ഡിലും ഏതാണ്ട് ഒറ്റപ്പെട്ടനിലയിലാണ് പത്മകുമാര്‍.

ഹൈന്ദവ സംഘടനകളെ പിന്തുണയ്ക്കുന്ന നടപടികളാണ് പത്മകുമാറില്‍ നിന്ന് ഉണ്ടാകുന്നതെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമാണ്. വിശ്വാസികള്‍ക്കൊപ്പമാണ് താനെന്നും ശബരിമലയിലെ ആചാരങ്ങള്‍ ഉറപ്പുവരുത്താന്‍ താന്‍ ബാധ്യസ്ഥനാണെന്നുമുള്ള പത്മകുമാറിന്റെ അഭിപ്രായം മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കിയിരുന്നു. താന്‍ ഉറച്ച അയ്യപ്പഭക്തനാണെന്നു സാക്ഷ്യപ്പെടുത്തുന്ന പത്മകുമാറിന്റെ പ്രസംഗത്തിന്റെ ഓഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നിലപാടിനു വിരുദ്ധമായി പ്രതികരിച്ചുവെന്നാണു മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പത്മകുമാറിനെതിരെ രൂക്ഷമായ ഭാഷയില്‍ പരസ്യപ്രചാരണം നടത്തിയിരുന്നു. ഇതിനു ശേഷം പാര്‍ട്ടി നേതൃത്വത്തോടു പോലും സംസാരിക്കാന്‍ അദ്ദേഹം തയാറാകുന്നില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ വര്‍ഷമാണു പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ഒരു വര്‍ഷം കൂടി അദ്ദേഹത്തിനു കാലാവധിയുണ്ട്.

മാത്രമല്ല പത്മകുമാറിനെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റുന്നതിനെക്കുറിച്ചും പാര്‍ട്ടി ആലോചിക്കുന്നതായും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡില്‍ കെ രാഘവന്റെ കാലാവധി കഴിഞ്ഞ ദിവസം പൂര്‍ത്തിയായതോടെ നിലവില്‍ ഒരു അംഗത്തിന്റെ ഒഴിവുണ്ട്. ഈ ഒഴിവിലേക്ക് ഉടന്‍ തിരഞ്ഞെടുപ്പു നടത്തും. പട്ടികവിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റ് ആയതിനാല്‍ നിയമസഭയിലെ ഹിന്ദു എംഎല്‍എമാര്‍ വോട്ട് ചെയ്താണ് അംഗത്തെ തിരഞ്ഞെടുക്കേണ്ടത്. ജനറല്‍ സീറ്റുകളിലേക്കു മന്ത്രിസഭയിലെ ഹിന്ദു മന്ത്രിമാരാണു തിരഞ്ഞെടുപ്പു നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *