സന്നിധാനത്ത് ഒരു ദിവസത്തിനപ്പുറം ആരേയും വിരിവയ്ക്കാന്‍ അനുവദിക്കില്ല; മുറികള്‍ നല്‍കില്ല; പ്രതിഷേധിച്ച കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശ വിഷയത്തില്‍ പ്രതിഷേധമുണ്ടായ സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്കൊപ്പം പ്രതിഷേധക്കാര്‍ തമ്പടിക്കുന്നത് തടയാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി പൊലീസ്. സന്നിധാനത്ത് 1 ദിവസത്തിനപ്പുറം ആരെയും വിരിവയ്ക്കാന്‍ അനുവദിക്കേണ്ടെന്നാണ് തീരുമാനം. 1 ദിവസത്തിനപ്പുറം മുറികളും നല്‍കില്ല.


തീര്‍ഥാടകര്‍ക്ക് സന്നിധാനത്ത് ചെലവഴിക്കാനുള്ള സമയം പരമാവധി 24 മണിക്കൂറാക്കാനാണ് ആലോചന. സര്‍ക്കാര്‍ അനുവാദം നല്‍കിയാല്‍ ഇതു സംബന്ധിച്ച് ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച നടത്തും. നിലയ്ക്കല്‍ മുതല്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഇപ്പോള്‍ പമ്പ മുതലാണ് ഭക്തരെ നിയന്ത്രിക്കുന്നത്. ശബരിമലയിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഈ മാസം 29ന് വീണ്ടും യോഗം ചേരും.

തുലാമാസ പൂജ സമയത്ത് അതിക്രമം ഉണ്ടാക്കിയ മുഴുവന്‍ പ്രതികളെയും കണ്ടെത്താനായി എല്ലാ ജില്ലയിലും പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനമായി. ഇതിന് എസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കും. 146 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഴുന്നൂറോളം പേര്‍ക്കെതിരെയാണ് കേസ്. ശബരിമലയിലെ സുരക്ഷാ സംവിധാനങ്ങളെ സംബന്ധിച്ച് പൊതുവായ വിലയിരുത്തലും യോഗത്തിലുണ്ടായി. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, സൗത്ത് സോണ്‍ എഡിജിപി അനില്‍ കാന്ത്, ഐജി മനോജ് എബ്രഹാം തുടങ്ങിയ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

തുലാമാസ പൂജ സമയത്ത് യുവതീപ്രവേശം സാധ്യമായില്ലങ്കിലും മണ്ഡല തീര്‍ത്ഥാടനകാലത്ത് ഇതിന് അവസരം ഒരുക്കുന്ന നടപടികളുമായി മുന്നോട്ട് പോകാന്‍ ഉന്നതതലയോഗത്തിന് മുന്‍പ് ഡിജിപിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ക്കും പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന പ്രത്യേകയോഗം രൂപം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *