ശബരിമലയില്‍ ആരേയും ക്യാംപ് ചെയ്യാന്‍ അനുവദിക്കില്ല; ഭക്തജനത്തിരക്ക് ഓണ്‍ലൈന്‍ വഴി നിയന്ത്രിക്കും: മുഖ്യമന്ത്രി

കൊല്ലം :  ശബരിമല അയ്യപ്പദര്‍ശനത്തിനുള്ള ഭക്തജനത്തിരക്ക് ഓണ്‍ലൈന്‍ വഴി നിയന്ത്രിക്കുന്നതോടെ ആരെയും ക്യാംപ് ചെയ്യാന്‍ ഇനി അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് എല്‍.ഡി.എഫ് വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രത്യേക അവകാശമുള്ള ക്രിമനലുകളാണെന്ന ധാരണയോടെ അവിടെ തന്നെ ക്യാംപ് ചെയ്യാമെന്നു വന്നാല്‍ സമ്മതിക്കാനാകില്ല. ഇത്തരത്തില്‍ ചില കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ പ്രതികരണം കണ്ടതു കൊണ്ടാണ് ഇക്കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. ഭക്തര്‍ക്കു ശബരിലമലയില്‍ വരാനും ദര്‍ശനം നടത്താനും അവകാശമുണ്ടാകും. സമയം അനുവദിക്കും.  രാജ്യത്തെ പ്രശസ്തമായ ആരാധാനലയങ്ങളിലുള്ളതു പോലെ ഓണ്‍ലൈനില്‍ നേരത്തെ അറിയിക്കുന്നവരെ പ്രവേശിപ്പിക്കും. ദര്‍ശനം നടത്തിയവര്‍ പോയാല്‍ മാത്രമേ മറ്റുള്ളവര്‍ക്കു പ്രവേശിക്കാനാകൂ. ഇതു സംബന്ധിച്ച ക്രമീകരണങ്ങള്‍ ചെയ്യാമെന്നു ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ഭക്തരെത്തുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു കത്തയച്ചു. ആസൂത്രണങ്ങള്‍ക്കായി അവിടത്തെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും. മറ്റു സംസ്ഥാനങ്ങളില്‍ വിപുലമായ അറിയിപ്പു നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ശബരിമല യുവതീപ്രവേശത്തില്‍ സുപ്രീംകോടതി വിധിക്കുശേഷം കലാപം നടത്താന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിച്ചുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയുടെ പേരില്‍ മതനിരപേക്ഷത തകര്‍ക്കാനും ശ്രമിച്ചു. കേരളത്തിലെ കോണ്‍ഗ്രസിലെ ഒരു വിഭാഗം ബിജെപിയിലേക്കു കാല്‍ എടുത്തുവച്ചു നില്‍ക്കുന്നവരാണെന്നും പിണറായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *