ലഡാക്കില്‍ പ്രധാനമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

ലഡാക്ക്: ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെത്തി.

മുൻകൂട്ടി പ്രഖ്യാപിക്കാതെ അപ്രതീക്ഷിതമായിട്ടാണ് പ്രധാനമന്ത്രി ലേയിലെത്തിയത്. ജൂൺ 15-ന് ഉണ്ടായ അതിർത്തിയിലെ സംഘർഷത്തിന് ശേഷമുള്ള സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. വൈകിട്ട് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കാബിനറ്റ് ചേരും.

ലേയിലെ സേനാ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി അവിടെ നിന്ന് പതിനൊരായിരം അടി ഉയരത്തിലുള്ള നിമുവിലെ സൈനിക ചെക്ക് പോസ്റ്റിൽ വെച്ച് കര- വ്യോമ ഐ.റ്റി.ബി സേനകളുമായി ആശയം വിനിമയം നടത്തി. അതിർത്തിയിലെ സൈനിക വിന്യാസവും ചൈനീസ് സൈനികരുമായുള്ള ചർച്ചകളുടെ പുരോഗതിയും സന്ദർശനത്തിൽ ലഫ്.ജനറൽ ഹരീന്ദർ സിങ്ങ് പ്രധാനമന്ത്രിയോട് വിശദീകരിച്ചു.അതിർത്തിയിൽ നടത്തുന്ന നിർമ്മാണം പ്രവർത്തനങ്ങളും പ്രധാനമന്ത്രി വിലയിരുത്തി

ജൂൺ 15ന് ഗൽവാനിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റ് സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൈനികരെ സന്ദർശിക്കും. സൈനികരുടെ മനോവീര്യം വർധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് സന്ദർശനമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ചീഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, കരസേനാ മേധാവി എം.എം.നരവനെ എന്നിവർ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് ലഡാക്ക് സന്ദർശനം നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീടത് ഒഴിവാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *