സെബി നിരോധിച്ച കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ ; കോടികളുടെ അഴിമതിയാരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ അഴിമതി വെളിപ്പെടുത്തുന്നുവെന്ന മുഖവുരയോടെ പുതിയ ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിന്‍റെ ഇ മൊബൈല്‍ പദ്ധതിയില്‍ കോടികളുടെ അഴിമതിയാണുണ്ടായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

4500 കോടി രൂപ മുടക്കി നടപ്പാക്കുന്ന ഇ–മൊബിലിറ്റി പദ്ധതിയുടെ കൺസൽറ്റൻസിക്കും വിശദ പദ്ധതി റിപ്പോർട്ട്(ഡിപിആർ) തയാറാക്കുന്നതിനും കരാർ നൽകിയതിൽ ഗുരുതര അഴിമതിയാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.  സര്‍ക്കാറിന്‍റെ ഇ-മൊബിലിറ്റി പദ്ധതിക്കായി നിയോഗിച്ച കണ്‍സള്‍ട്ടന്‍സി കമ്പനി കരിമ്പട്ടികയിലുള്‍ പ്പെട്ടതാണ്.  സെബി നിരോധിച്ച കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് അഴിമതിയാണെന്നും മുഖ്യമന്ത്രി നേരിട്ടാണ് പദ്ധതിയുടെ കരാര്‍, ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പര്‍ എന്ന കമ്പനിക്ക് നല്‍കിയതെന്നും ചെന്നിത്തല ആരോപിച്ചു. ഗതാഗത മന്ത്രിക്ക് കരാറിനെപ്പറ്റി വല്ലതും അറിയാമോയെന്നും ചെന്നിത്തല ചോദിച്ചു.

കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കിയതു പ്രകാരം, സത്യം കുംഭകോണം, വിജയ് മല്യയുടെ കേസ്, നോക്കിയ ഇടപാടിലെ നികുതി വെട്ടിപ്പ് എന്നിവ ഉൾപ്പെടെ ഇന്ത്യയിൽ 9 കേസുകൾ നേരിടുന്ന കമ്പനിയാണിത്. സെബിയുടെ നിരോധനം നിലനിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 2019 ഓഗസ്റ്റ് 7നു ചേർന്ന യോഗം കൺസൽറ്റൻസി പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനു നൽകാൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ചു അതേ വർഷം നവംബർ 7ന് ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി.

ടെൻഡറോ സെക്രട്ടേറിയറ്റ് മാന്വൽ പ്രകാരമുള്ള നടപടിക്രമങ്ങളോ ഇല്ലാതെയും മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുമാണു കരാർ നൽകിയത്. ഇങ്ങനെ ഉത്തരവിറക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അധികാരമില്ല. കരാർ റദ്ദാക്കി ഇതിനു കൂട്ടുനിന്നവർക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്ന് രമേശ് ആവശ്യപ്പെട്ടു. നേരത്തെ, കൊച്ചി–പാലക്കാട് വ്യവസായ ഇടനാഴിയുടെയും കെ ഫോണിന്റെയും കൺസൽറ്റൻസി നൽകിയത് ഇതേ കമ്പനിക്കാണ്. മുഖ്യമന്ത്രിക്ക് ഈ കമ്പനിയോടുള്ള താൽപര്യം എന്താണെന്നും ബന്ധമെന്താണെന്നും രമേശ് ആരാഞ്ഞു.

കേരള പുനർനിർമാണവുമായി ബന്ധപ്പെട്ടു കെപിഎംജിക്ക് കരാർ നൽകിയത് തെറ്റാണെന്നു താൻ പറഞ്ഞപ്പോൾ അതു ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ചാണെന്നാണു മുഖ്യന്ത്രി മറുപടി നൽകിയത്. എങ്കിൽ എന്തു കൊണ്ട് അക്കാര്യം ഇ മൊബിലിറ്റി പദ്ധതിയുടെ കാര്യത്തിൽ പാലിക്കപ്പെട്ടില്ലെന്നു രമേശ് ചോദിച്ചു. ആദ്യം സൗജന്യ സേവന വാഗ്ദാനവുമായി വന്ന കെപിഎംജിക്ക് പിന്നീടു പണം വാങ്ങി സേവനം നൽകുന്ന രീതിയിലേക്കു വന്നതു ധാർമികമായി തെറ്റാണെന്നും രമേശ് ആരോപിച്ചു.

കമ്പനിക്കെതിരെ മുന്‍ നിയമകമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ.പി.ഷാ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എല്ലാ എതിര്‍പ്പും നിലനില്‍ക്കുമ്പോഴാണ് നിരോധനമുള്ള ബഹുരാഷ്ട്ര കമ്പനിക്ക് കരാര്‍ നല്‍കാനുള്ള തീരുമാനം എടുത്തത്. മാനദണ്ഡങ്ങളെ പൂര്‍ണമായും കാറ്റില്‍പറത്തിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *