അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിച്ചവര്‍ക്ക് തക്കതായ മറുപടി നല്‍കി: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യയുടെ പ്രദേശം കയ്യേറാന്‍ ശ്രമിച്ചവര്‍ക്ക് തക്കതായ മറുപടി നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിര്‍ത്തിയില്‍ അയല്‍ക്കാര്‍ പ്രശ്നമുണ്ടാക്കുകയാണ്. രാജ്യത്തിന് അപകടമുണ്ടാക്കാതെ കാക്കാന്‍ സൈന്യത്തിന് അറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു.പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈനികരുടെ വീരമൃത്യു രാജ്യത്തിന് പ്രചോദനമാണ്. നമ്മുടെ ധീരന്മാര്‍ വീരമൃത്യു വരിച്ചുവെങ്കിലും എതിരാളികളെ വിജയിക്കാന്‍ അനുവദിച്ചിട്ടില്ല. അവരുടെ നഷ്ടത്തിന്റെ വേദന നാം അനുഭവിക്കുന്നു. അവരുടെ ധീരത ഇന്ത്യയുടെ ശക്തിയാണ്. പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങുന്നത് രാജ്യസേവനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ ഇളവ് വരുത്തുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.

രാജ്യം നിരവധി വെല്ലുവിളികള്‍ നേരിടുന്ന വര്‍ഷമാണിത്. 2020ൽ കോവിഡ് മഹാമാരിക്ക് പുറമെ ഭൂകമ്പവും, കൊടും കാറ്റും വെട്ടുകിളികളും ദുരിതം സൃഷ്ടിച്ചു. ഇതിനിടയിൽ അതിർത്തിയിൽ അയൽക്കാർ പ്രശ്നമുണ്ടാക്കുകയാണ്. എന്നാൽ പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിർത്തി കാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയുടെ മണ്ണിൽ കണ്ണുവെച്ചവർക്ക് ഉചിതമായ മറുപടി നൽകി. സൈനികരുടെ ത്യാഗം രാജ്യത്തിന് പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ലോക്ക്ഡൗണ്‍ കാലത്തേക്കാള്‍ നമ്മള്‍ അണ്‍ലോക്ക് ഘട്ടത്തില്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തണം. നിങ്ങള്‍ മാസ്‌കുകള്‍ ധരിക്കുന്നില്ലെങ്കില്‍, സാമൂഹിക അകലവും മറ്റ് മുന്‍കരുതലുകളും പിന്തുടരുന്നില്ലെങ്കില്‍, നിങ്ങള്‍ നിങ്ങളെയും മറ്റുള്ളവരെയും അപകടത്തിലാക്കുന്നു. അശ്രദ്ധരായിരിക്കരുതെന്ന് ഞാന്‍ എല്ലാ ഇന്ത്യക്കാരോടും അഭ്യര്‍ത്ഥിക്കുന്നു’ മന്‍ കീ ബാത്തിനിടെ പ്രധാന മന്ത്രി പറഞ്ഞു.

ലോക്ക് ഡൗണിൽ നിന്ന് രാജ്യം പുറത്തുവന്ന് കൊണ്ടിരിയ്ക്കുകയാണ്. ഈ ഘട്ടത്തിൽ കോവിഡിനെ പ്രതിരോധിക്കുന്നതിനോടൊപ്പം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യണം. ഇതിനായി പ്രാദേശിക വിപണി ശക്തിപ്പെടുത്തുകയാണ് വേണ്ടത്. തദ്ദേശീയ ഉൽപ്പനങ്ങൾ വാങ്ങുന്നത് രാജ്യ സേവനമാണെന്ന് ആത്മ നിർഭരൺ ഭാരത് മുൻനിർത്തി അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *