ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു

ന്യൂയോര്‍ക്: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു. ആകെ രോഗികളുടെ എണ്ണം 1,00,65,257 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.66 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ രോഗികള്‍ അമേരിക്കയിലാണ്. അതിനു പിന്നില്‍ ബ്രസീല്‍ ഉണ്ട്.

കോവിഡ് ബാധിച്ച്‌ ജീവന്‍ നഷ്‌ടപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ലോകത്ത് കോവിഡ് ബാധിച്ചുള്ള മരണം അഞ്ചുലക്ഷം കടന്ന് 5,00,534 ആയി. 24 മണിക്കൂറിനിടെ 4,455 പേര്‍ കൂടി ആഗോളതലത്തില്‍ മരിച്ചു. ഇന്നലെ കൂടുതല്‍ മരണം ബ്രസീലിലാണ്. 961 പേര്‍ മരിച്ചു. ബ്രസീലിലെ ആകെ മരണം 57,070 ആയി ഉയര്‍ന്നു. യുഎസില്‍ ആകെ മരണം 1.28 ലക്ഷമായി. ഇന്നലെ മാത്രം 492 പേര്‍ കാേവിഡ് ബാധിച്ച്‌ മരിച്ചു.

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ഇന്ത്യയുള്‍പ്പെടെ നാല് രാജ്യങ്ങളില്‍ അഞ്ച് ലക്ഷത്തില്‍ അധികം കോവിഡ് രോഗികളുണ്ട്. ശനിയാ‌ഴ്‌ചയാണ് ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നത്. ഇന്നലെ മാത്രം രാജ്യത്ത് 18552 പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് ഇത്. ഇതോടെ മൊത്തം കോവിഡ് -19 ബാധിതരുടെ എണ്ണം 5 ലക്ഷം കടന്ന് 5,08,953 ലെത്തി. കോവിഡ് ബാധിച്ചുള്ള ആകെ മരണം 15,685 ആയി. 1,97,387 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,95,881 പേര്‍ക്ക് ഇതിനോടകം രോഗം ഭേദമായി.

രോഗബാധിതരുടെ പട്ടികയില്‍ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക് 58.24 ശതമാനമായി വര്‍ധിച്ചു. ഒരു ലക്ഷത്തില്‍ 36 പേര്‍ക്ക് എന്ന നിലയിലാണ് ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ അനുപാതം.

Leave a Reply

Your email address will not be published. Required fields are marked *