ലോകത്ത് കോവിഡ് മരണം 4,70,000 കടന്നു

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് മരണം 4,70,000 കടന്നു. ബ്രസീലില്‍ സ്ഥിതി സങ്കീര്‍ണമാണ്. ലോകത്ത് ആകെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ഒരു കോടിയിലേക്കടുക്കുന്നു.

ബ്രസീലില്‍ കോവിഡ് മരണം 50,000 കടന്നു. ഇതോടെ ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം സംഭവിക്കുന്ന രാജ്യമായി ബ്രസീല്‍.10 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 612 പേര്‍ മരിച്ചു. ലോക്ക്ഡൌണ്‍ പിന്‍വലിക്കാനുള്ള പ്രസിഡന് ജെയിന്‍ ബോന്‍സനാരോടെ തീരുമാനമാണ് മരണനിരക്ക് കൂടാന്‍ കാരണമെന്നാരോപിച്ച് രാജ്യത്ത് പ്രക്ഷ‌ോഭം നടക്കുകയാണ്. മെക്സിക്കോയില്‍ ഇന്നലെ മാത്രം 1044 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ഇന്നലെ 344 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ ആകെ മരണം 1,22,000 കടന്നു.

അതേസമയം കോവിഡ് രണ്ടാംഘട്ട വ്യാപനം നിയന്ത്രണാതീതമാകുമെന്ന ഭീതിയിലാണ് ദക്ഷിണ കൊറിയ. തലസ്ഥാനനഗരമായ സിയോളില്‍ അടുത്ത 3 ദിവസത്തിനകം പ്രതിദിന രോഗികൾ ശരാശരി 30 ൽ താഴെയാകുന്നില്ലെങ്കിൽ ലോക്ക്ഡൌണ്‍ വീണ്ടും ഏര്‍പ്പെടുത്തുമെന്ന് സിയോള്‍ മേയര്‍ പാര്‍ക് വോന്‍ സൂന്‍ അറിയിച്ചു.

വൈറസ് വ്യാപനം നിയന്ത്രിച്ച രാജ്യങ്ങളിലെ മതച്ചടങ്ങുകള്‍, രോഗം പടരാന്‍ പുതിയ സാഹചര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *