അതിർത്തി സംഘർഷം: ഇന്ത്യ റഷ്യയുടെ പിന്തുണ തേടി

ന്യൂഡൽഹി : ചൈന അതിർത്തിയിൽ സംഘർഷം കനത്തതോടെ പ്രതിരോധ രംഗത്ത് ഇന്ത്യ റഷ്യയുടെ പിന്തുണ തേടി . റഷ്യയിൽനിന്നു വാങ്ങുന്ന 33 യുദ്ധവിമാനങ്ങൾ അതിവേഗം ലഭ്യമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ത്രിദിന സന്ദർശനത്തിനായി റഷ്യയിലെത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇക്കാര്യം ചർച്ച ചെയ്യും. ഇതിനു പുറമേ, ടി90 ടാങ്കുകളുടെ നിർമാണത്തിനാവശ്യമായ ഉപകരണങ്ങളും കാലതാമസമില്ലാതെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടും.

21 മിഗ് 29, 12 സുഖോയ് 30 വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമാക്കാൻ ഇന്ത്യ ഒരുങ്ങുന്നത്. അതിർത്തിയിൽ വ്യോമസുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായകമാണ് ഇവ രണ്ടും. 6000 കോടി രൂപയുടേതാണു കരാർ. നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന വിമാനങ്ങളുടെ പരിഷ്കരിച്ച പതിപ്പാണിത്.  റഷ്യയിൽ നിന്നു വാങ്ങുന്ന എസ് 400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈൽ വേഗം ലഭ്യമാക്കാനും ഇന്ത്യ ശ്രമം തുടങ്ങി. ലോകത്തിലെ ഏറ്റവും കരുത്തുറ്റ വ്യോമ പ്രതിരോധ കവചമൊരുക്കുന്ന എസ് 400 ട്രയംഫിന്റെ 5 മിസൈൽ യൂണിറ്റുകളാണ് ഇന്ത്യ വാങ്ങുന്നത്. ആദ്യത്തേത് ഈ വർഷം ലഭിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. റഷ്യയിൽ നിന്ന് 2014 ൽ വാങ്ങിയ ഇതേ മിസൈൽ യൂണിറ്റുകളാണ് ഇന്ത്യൻ വ്യോമാതിർത്തിയിൽ ചൈന സജ്ജമാക്കിയിരിക്കുന്നത്. ശത്രു വിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ മിസൈൽ ഉപയോഗിച്ചു തകർക്കാൻ കെൽപ്പുള്ളതാണ് എസ് 400 ട്രയംഫ്. ദീർഘ – മധ്യദൂര മിസൈലുകൾ, അത്യാധുനിക റഡാറുകൾ, വിക്ഷേപണത്തറ എന്നിവയുൾപ്പെട്ട എസ് 400 ഒരേ സമയം 80 ലക്ഷ്യങ്ങളെ തകർക്കും. 400 കിലോമീറ്റർ പരിധിയിൽ വ്യോമ പ്രതിരോധം ഉറപ്പാക്കും. റഡാർ കണ്ണുകൾ 600 കിലോമീറ്റർ നിരീക്ഷിക്കും

 

Leave a Reply

Your email address will not be published. Required fields are marked *