ചൈനയ്ക്ക്‌ മറുപടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ചൈനയുടെ പ്രകോപനത്തിന് മറുപടി നല്‍കാന്‍ തയ്യാറായി ഇരിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം. പ്രതിരോധമന്ത്രി വിളിച്ച സൈനിക തലവന്‍മാരുടെ യോഗത്തിലാണ് തീരുമാനം. അതിര്‍ത്തിയില്‍ ആയുധം ഉപയോഗിക്കാന്‍ സൈന്യത്തിന് അനുമതിയും നല്‍കിയിരുന്നു.

ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ഭൂമി ചൈന കയ്യടക്കിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം ശക്തമായ സാഹചര്യത്തിലാണ് ഉന്നതതല ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. നരേന്ദ്ര മോദി ഇന്ത്യയുടെ ഭൂമി വിട്ടുകൊടുത്ത് സറണ്ടര്‍ മോദിയായി മാറിയെന്നാണ് രാഹുല്‍ കുറ്റപ്പെടുത്തിയത്. ഉന്നതതല ചര്‍ച്ചയില്‍ എന്തൊക്കെ കാര്യങ്ങള്‍ ഉള്‍പ്പെടുമെന്നതിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രധാനമന്ത്രി കാര്യാലയം പുറത്തിറക്കിയ വിശദമായ പ്രസ്താവനയില്‍ ചൈന ഇന്ത്യയുടെ ഭൂമി കയ്യടക്കിയിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. എന്നാല്‍ വിദേശകാര്യ മന്ത്രാലയവും സൈന്യവും നിയന്ത്രണ രേഖ മറികടന്ന് ചൈന ഇന്ത്യന്‍ പക്ഷത്തേക്ക് കടന്നുവെന്നാണ് കുറ്റപ്പെടുത്തിയത്. ഗാല്‍വന്‍ മേഖലയിലെ ഒരുകോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ചൈന കിലോമീറ്ററുകളോളം ഇന്ത്യക്കകത്തേക്ക് കടന്നുവെന്നും ലഡാക്കില്‍ 60 ചുതരശ്ര കിലോമീറ്റര്‍ ഭൂമി പിടിച്ചെടുത്തുവെന്നും ഇന്നലെ പുറത്തുവന്ന ഓഡിയോ ക്‌ളിപ്പ് പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതിന് ഔദ്യോഗികമായ സ്ഥിരീകരണമില്ല. കൊല്ലപ്പെട്ട സൈനികരുടെ എണ്ണത്തിലും ഈ ക്‌ളിപ്പ് മറ്റൊരു കണക്കാണ് നല്‍കുന്നത്.

ജൂണ്‍ 15 സംഭവത്തിനു ശേഷം നിയന്ത്രണ രേഖയോടു ചേര്‍ന്ന് സൈനിക സന്നാഹങ്ങള്‍ വര്‍ധിപ്പിക്കാനും ഐ.ടി.ബി.പിയുടെ 2000 സൈനികരെ മേഖലയില്‍ പുതുതായി വിന്യസിക്കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. അസാധാരണമായ സാഹചര്യങ്ങളില്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന് തോക്കുകള്‍ ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. 2005ലും 1996ലും നടന്ന ഇന്തോ-ചൈനാ ചര്‍ച്ചകളെ തുടര്‍ന്ന് അതിര്‍ത്തിയുടെ ഇരുപുറത്തുമുള്ള ഓരോ കിലോമീറ്റര്‍ ദൂരത്തിനകത്ത് ആയുധങ്ങളോ സ്‌ഫോടക വസ്തുക്കളോ ഉപയോഗിക്കില്ലെന്ന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇരുമ്പുവടിയും ആണിതറച്ച പട്ടികയും പോലുള്ളവ ഉപയോഗിച്ച് ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനികരെ ആക്രമിച്ചു കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് തോക്കുപേയോഗിക്കാനുള്ള അനുമതി.

Leave a Reply

Your email address will not be published. Required fields are marked *