തിരുവനന്തപുരത്ത് അതീവജാഗ്രത

തിരുവനന്തപുരം: ഉറവിടം അറിയാത്ത കോവി‍ഡ് 19 രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ തിരുവനന്തപുരത്ത് അതീവജാഗ്രത.

മണക്കാട് രോഗം സ്ഥിരീകരിച്ച് ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. മെയ് മാസം 30 മുതൽ ജൂണ്‍ 19 വരെയുള്ള റൂട്ട് മാപ്പാണ് പുറത്ത് വന്നത്. ഇരുപതോളം സ്ഥലങ്ങളിൽ ഇദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. രോഗലക്ഷണം കാണിച്ച 12 തീയതിക്ക് ശേഷം 13 സ്ഥലങ്ങളില്‍ ഇദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ ഓട്ടോയില്‍ യാത്ര ചെയ്തവരെ അടക്കം കണ്ടെത്താന്‍ വലിയ പ്രയാസമാണെന്നാണ് ആരോഗ്യവകുപ്പ് കണക്ക് കൂട്ടുന്നത്. ഇതെല്ലാം പരിഗണിച്ചാണ് തലസ്ഥാനത്ത് കൂടുതല്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ എംഎൽഎമാരുടെ യോഗം വിളിക്കാൻ തീരുമാനം. കോർപ്പറേഷൻ കൗൺസിലർമാരുടെ യോഗവും ജില്ലാ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ യോഗവും ചേരും. അതിനിടെ സമ്പർക്കത്തിലൂടെ ഒരാൾക്ക് കൂടി ജില്ലയിൽ കോവിഡ് പിടിപെട്ടു. നേരത്തെ രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ മകൾക്കാണ് രോഗം ബാധിച്ചത്.

ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ച് കർശന നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. തീരദേശ മേഖലയിലെ സ്ക്രീനിംഗ് ശക്തമാക്കും. പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിനായി സ്വകാര്യ ആശുപത്രികളെയും പ്രയോജനപ്പെടുത്തും. കോവിസ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ പോലീസിനും നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *