24 മണിക്കൂറിനിടെ 375 മരണം; രാജ്യത്തെ രോഗമുക്തി നിരക്ക് 54 ശതമാനം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,516 കോവിഡ് കേസുകളും 375 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതർ 3,95, 048 ഉം മരണം 12,948 ഉം ആയി. രണ്ടു ലക്ഷത്തിലധികം പേർ രോഗമുക്തരായി. കൊവിഡ് സ്ഥിരീകരിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌നിനെ പ്ലാസ്മ തെറാപ്പിയ്ക്ക് വിധേയനാക്കി. നിലവിൽ കോവിഡ് ചികിത്സയിലുള്ളവർ 1,68,209 പേരാണ്.

രാജ്യത്തെ രോഗമുക്തി നിരക്ക് 54 ശതമാനം ആയി. 2,13,831 പേർക്ക് അസുഖം ഭേദമായി. 66,16,496 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചതായി ഐ.സി.എം.ആര്‍ കഴിഞ്ഞ 24 മണിക്കൂറിൽ 1,89,869 സാമ്പിളുകൾ പരിശോധിച്ചു. മധ്യപ്രദേശിലെ ബി.ജെ.പി എം.എൽ.എ ഓം പ്രകാശ് സക്ളേച്ചയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം ഇന്നലെ നടന്ന രാജ്യ സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു.

പ്ലാസ്മ തെറാപ്പിയ്ക്ക് വിധേയനാക്കിയ ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന് ഇപ്പോൾ പനിയില്ലെന്നും കഴിഞ്ഞ 24 മണിക്കൂറായി ഐ.സി.യുവിൽ തുടരുകയാണെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.ഡൽഹിയിൽ കോവിഡ് രോഗികൾക്ക് വീട്ടിൽ നിരീക്ഷണം ഏർപ്പെടുത്തത് നിർത്തലാക്കാൻ കഴിയില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. വീടുകളിലെ നിരീക്ഷണം നിർത്തലാക്കുന്നത് ഐ.സി.എം.ആർ മാനദണ്ഡങ്ങൾക്ക് എതിരാണെന്നും ഇത് പ്രതിരോധ പ്രവർത്തനങ്ങളെ താറുമാറാക്കുമെന്നും മനീഷ് സിസോദിയ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കോവിഡ് രോഗികൾക്ക് ഡൽഹി ലഫ്.ഗവർണർ അനിൽ ബയ്ജാൽ 5 ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈന്‍ നിർബന്ധമാക്കി ഉത്തരവിറക്കിയത്.

ഡൽഹിയിൽ പുതിയ 3137 കോവിഡ് കേസുകളും 66 മരണവും റിപ്പോർട്ട് ചെയ്തു. ഇവിടെ ആകെ കോവിഡ് രോഗികൾ 53116 ആയി മരണ സഖ്യ 2035 കടന്നു.മഹാരാഷ്ട്രയിൽ പുതിയ 142 മരണവും 3827 കോവിഡ് കേസും കൂടി റിപ്പോർട്ട് ചെയ്തു.ആകെ രോഗികളുടെ എണ്ണം 1,24, 331 ഉം മരണ സഖ്യ 5893 ഉം കടന്നു.

Leave a Reply

Your email address will not be published. Required fields are marked *