ശബരിമല നട തുറന്നു, ഭക്തര്‍ക്ക് പ്രവേശനമില്ല

ശബരിമല: മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി സുധീര്‍ നമ്ബൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെ നടകളും തുറന്ന് ദീപങ്ങള്‍ തെളിച്ചു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ക്കും ഡ്യൂട്ടിക്കെത്തിയ ക്ഷേത്ര ജീവനക്കാര്‍ക്കും തന്ത്രിയും മേല്‍ശാന്തിയും വിഭൂതി പ്രസാദം വിതരണം ചെയ്തു.

നട തുറന്നെങ്കിലും ഇന്ന് പതിവ് പൂജകള്‍ ഒന്നും ഉണ്ടായിരുന്നില്ല. മിഥുനം ഒന്നായ 15ാം തിയതി പുലര്‍ച്ചെ നട തുറന്ന് നിര്‍മാല്യ ദര്‍ശനവും അഭിഷേകവും നടത്തും. കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണ്‍ കണക്കിലെടുത്ത് മാസപൂജ സമയത്തും അയ്യപ്പഭക്തര്‍ക്ക് ദര്‍ശനം അനുവധിച്ചു നല്‍കിയിട്ടില്ല.

ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും പതിവ് പൂജകളും ചടങ്ങുകളും മാത്രമെ നടക്കുകയുള്ളൂ. ഉദയാസ്തമനപൂജ, നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം, സഹസ്രകലശാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകള്‍ ഈ ദിവസങ്ങളില്‍ ഉണ്ടാവുകയില്ല. മിഥുന മാസ പൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി ഹരിവരാസനം പാടി ശബരിമല ശ്രീകോവില്‍ നട അടയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *