പുറമെനിന്നെത്തിയ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനു സംസ്ഥാനങ്ങള്‍ക്ക് 15 ദിവസം കൂടി അധികസമയം

ന്യൂഡല്‍ഹി: ലോക്ഡൗണില്‍ കുടുങ്ങിക്കിടക്കുന്ന പുറമെനിന്നെത്തിയ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനു സംസ്ഥാനങ്ങള്‍ക്ക് 15 ദിവസം കൂടി അധികസമയം അനുവദിച്ച്‌ സുപ്രീംകോടതി. അന്യനാടുകളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്.കെ.കൗള്‍, എം.ആര്‍.ഷാ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

പുറമെനിന്നെത്തിയ തൊഴിലാളികളെ സ്വദേശത്തേക്കു എത്തിക്കുന്നതിനു ജൂണ്‍ 3 വരെ റെയില്‍വേ 4228 ശ്രമിക് ട്രെയിനുകള്‍ ഓടിച്ചതായും 57 ലക്ഷം പേരെ വീട്ടിലെത്തിച്ചതായും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. 41 ലക്ഷം പേര്‍ റോഡ് മാര്‍ഗം നാട്ടിലേക്കു പോയി.

ഇതുവരെ സ്വദേശത്തേക്കു ഏകദേശം ഒരു കോടിയോളം തൊഴിലാളികള്‍ തിരിച്ചെത്തിയെന്നും അദ്ദേഹം പറഞ്ഞു. ശ്രമിക് ട്രെയിനുകള്‍ ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തിയത് ഉത്തര്‍പ്രദേശിലേക്കു ബിഹാറിലേക്കുമാണ്. എത്ര തൊഴിലാളികള്‍ ഇനിയും കുടുങ്ങിക്കിടപ്പുണ്ടെന്നും എത്ര ട്രെയിനുകള്‍ ആവശ്യമാണെന്നും സൂചിപ്പിക്കുന്ന പട്ടിക കേന്ദ്ര സര്‍ക്കാര്‍ കൈവശമുണ്ട്. സംസ്ഥാനങ്ങളും പട്ടിക തയാറാക്കിയിട്ടുണ്ടെന്ന് തുഷാര്‍ മേത്ത പറഞ്ഞു.

എല്ലാ തൊഴിലാളികളെയും നാട്ടില്‍ എത്തിക്കുന്നതിനു സംസ്ഥാനങ്ങള്‍ക്കു 15 ദിവസത്തെ സമയം നല്‍കുമെന്നു സുപ്രീം കോടതി പറഞ്ഞു. നാട്ടില്‍ എത്തുന്നവരുടെ ക്ഷേമം എങ്ങനെ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ അറിയിക്കണം. എല്ലാ തൊഴിലാളികള്‍ക്കും റജിസ്ട്രേഷന്‍ നിര്‍ബന്ധമാണെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *