ഡാമുകള്‍ കൈകാര്യം ചെയ്യുന്നതിന്‌ എല്ലാ മുന്‍കരുതലും എടുത്തതായി സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്തെ ഡാമുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടന്ന് സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്.

ഡാമുകളിലെ ജലനിരപ്പ് സുഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സാഹചര്യങ്ങള്‍ വിലയിരുത്തി അടിയന്തരഘട്ടങ്ങളില്‍ വെള്ളം ഒഴുക്കിവിടാന്‍ ജില്ലാ ഭരണകുടങ്ങള്‍ക്ക് നിര്‍ദേശം നല്‍കയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇതിനകം ഏതാനും ഡാമുകള്‍ തുറന്നിട്ടുണ്ട്.കേന്ദ്ര കലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളും ജലക്കമ്മിഷന്റെയും ഡാം സുരക്ഷാ അതോറിറ്റിയുടേയും മാര്‍ഗ നിര്‍ദേശങ്ങളും കണക്കിലെടുത്താണ് ഡാം കൈകാര്യത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.

ജുണ്‍ ഒന്നിലെ കണക്കനുസരിച്ച്‌ വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള ഡാമുകളില്‍ മൊത്തം സംഭരണ ശേഷിയുടെ 23.9 ശതമാനം വെള്ളമാണുള്ളത്. ജലസേചന വകുപ്പിന് കീഴിലുള്ള ഡാമുകളില്‍ 31 ശതമാനം ജലമാണുള്ളത്. ഡാമുകളിലെ പ്രതിദിന ജലനിരപ്പ് വിലയിരുത്താന്‍ മെയ് മാസത്തില്‍ ചേര്‍ന്ന അവലോകന യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അവലോകന യോഗവും മെയ് 14ന് നടന്നു.

പ്രതിവാര അവലോകനങ്ങളും നടക്കുന്നുണ്ട്.തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള ഡാമുകളുടെ കര്‍വ് റുളും മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളമെടുക്കുന്നതിന്റെ സമയക്രമവും കേരളം ആവശ്യപ്പെട്ടിട്ടും തമിഴ്നാട് നല്‍കിയിട്ടില്ലന്നും സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ വിശദികരിച്ചു. കേസ് ബുധനാഴ്ച പരിഗണിക്കുന്നതിനായി കോടതി മാറ്റി .

Leave a Reply

Your email address will not be published. Required fields are marked *