ഇബ്രാഹിം കുഞ്ഞിനെതിരായ കേസ് തുടരേണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍

ആലുവ മണപ്പുറം പാലം നിര്‍മ്മാണ അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള കേസ് തുടരേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പാലം നിര്‍മ്മാണത്തില്‍ അഴിമതിയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് തുടരേണ്ടന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചത്.

ആലുവ ശിവരാത്രി മണപ്പുറം പാലം അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടി വൈകുന്നുവെന്നാരോപിച്ചുള്ള ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. എന്നാല്‍ പാലം നിര്‍മാണത്തില്‍ ഇബ്രാഹിം കുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ അഴിമതി നടത്തിയിട്ടില്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ കണ്ടെത്തല്‍ .

ഇക്കാര്യം വിജിലന്‍സ് വാക്കാല്‍ കോടതിയെ അറിയിച്ചു. ഇബ്രാഹിം കുഞ്ഞ്, ആലുവ എം.എൽ.എ അൻവർ സാദത്ത് എന്നിവരടക്കമുള്ളവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കോടതിയിൽ നൽകിയ ഹരജിയെ തുടർന്ന് ഇവർക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് സർക്കാരിന്‍റെ അനുമതി തേടി . 2018 സെപ്തംബർ 24 ന് അപേക്ഷ നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

2014 -15 ൽ നടപ്പാലം നിർമ്മിക്കാൻ നിയമങ്ങളും മാനദണ്ഡങ്ങളും അവഗണിച്ച് പ്രവൃത്തി പരിചയമില്ലാത്ത കമ്പനിക്ക് 4.2 കോടി രൂപ അധികമായി നൽകിയെന്നാണ് ഹരജിക്കാരന്‍റെ ആരോപണം. സ്വകാര്യ കമ്പനിക്ക് എസ്റ്റിമേറ്റിൽ നിന്ന് വ്യതിചലിച്ച് 41.97 ശതമാനം തുകയാണ് അധികമായി നൽകിയതെന്നും പരാതിയില് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലൻസിന് ഹരജിക്കാരൻ നൽകിയ പരാതിയിൽ തുടർ നടപടികൾ വേണ്ടെന്നുമായിരുന്നു കണ്ടെത്തൽ. തുടർന്ന് ഹരജിക്കാരൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയെ സമീപിച്ചു.

മുൻമന്ത്രിയെയും എം.എൽ.എയെയും കൂടാതെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുൻ പൊതുമരാമത്ത് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ചീഫ് എൻജിനീയർ പി.കെ. സതീശൻ, സൂപ്രണ്ടിംഗ് എൻജിനീയർ ഇ.പി. ബെന്നി, എക്സിക്യൂട്ടീവ് എൻജിനീയർ ബെന്നി ജോൺ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ കെ.കെ. ഷാമോൻ, അസി. എൻജിനീയർ പീയൂഷ് വർഗീസ്, സെഗ്യൂറോ ഇൻകെൽ കൺസോർഷ്യമെന്ന സ്വകാര്യ കമ്പനിയുടെ മാനേജിംഗ് പാർട്ണർ രാജൻ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. ഇവർക്കെതിരെ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളുമാണ് പരാതിയിൽ ഉന്നയിച്ചിരുന്നത്. എന്നാല്‍ പ്രാഥമിക അന്വോഷണത്തില് അഴിമതി കണ്ടെത്താനായില്ലെന്നും അഥിനലാ് കേസ് തുടരേണ്ടതില്ലെന്നും പൊതുമരാമത്ത് വകുപ്പ് വിജിലന്‍സിനെ അറിയിച്ചു.

ഇക്കാര്യം വ്യക്തമാക്കി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *