പമ്പയില്‍ നിന്നുള്ള മണല്‍നീക്കം നിര്‍ത്തിവച്ചു

പമ്പ: പമ്പാ ത്രിവേണിയിലെ മണൽ വനത്തിന് പുറത്തേക്ക് നീക്കുന്നത് വിലക്കി വനംവകുപ്പ് ഉത്തരവ്. വന സംരക്ഷണ നിയമപ്രകാരം പ്രത്യേക അനുമതി വാങ്ങി മാത്രമേ മണൽ നീക്കാൻ പാടുള്ളു എന്ന് കാണിച്ച് വനം വകുപ്പ് സെക്രട്ടറി ഉത്തരവിട്ടു. ഇതോടെ പമ്പയിൽ നിന്നുള്ള മണൽ നീക്കുന്നത് നിർത്തിവെച്ചു.

2018 ലെ പ്രളയത്തിൽ പമ്പയിൽ അടിഞ്ഞുകൂടിയ മണൽ വനം വകുപ്പ് നിർദേശിക്കുന്ന സ്ഥലത്തേക്ക് മാത്രമേ മാറ്റാൻ പാടുള്ളു. നേരത്തെ ടാറ്റ പ്രോജക്ട് ലിമിറ്റഡ് നദീ തടത്തിൽ നിന്ന് മാറ്റിയ മണൽ ഒഴികെയുള്ളവ നീക്കാൻ പാടില്ല.

വനത്തിന് പുറത്തേക്ക് മണൽ കൊണ്ട് പോകാൻ വന സംരക്ഷണ നിയമപ്രകാരം പ്രത്യക അനുമതി വാങ്ങണം. എടുക്കുന്ന മണലിന്‍റെ അളവ് ജില്ലാ കലക്ടർ ഉറപ്പ് വരുത്തണം. വില ആനുപാതികമായി നിശ്ചയിക്കും. തുടങ്ങിയ കർശന വ്യവസ്ഥകളാണ് വനം സെക്രട്ടറി ഡോ. ആശാ തോമസ് ഇറക്കിയ ഉത്തരവിലുള്ളത്. ഈ വ്യവസ്ഥകൾ അനുസരിച്ച് മാത്രം പ്രളയ സാധ്യത ഒഴിവാക്കാൻ നദീ തടത്തിലെ മണൽ ദുരന്തനിവാരണത്തിന്‍റെ ഭാഗമായി എടുത്ത് മാറ്റാം .

എന്നാൽ വനമേഖലയിൽ നിന്നും പുറത്ത് കൊണ്ട് പോകാൻ പാടില്ല .കഴിഞ്ഞ ദിവസങ്ങളിൽ വനം വകുപ്പിന്‍റെ അനുമതി ഇല്ലാതെ മണൽ കോട്ടയം ജില്ലയിലെ എരുമേലിയിലേക്ക് കൊണ്ട് പോയിരുന്നു. പുറത്തേക്ക് മണൽ കൊണ്ട് പോകുന്നത് വിലക്കി ഉത്തരവ് വന്നതിന് പിന്നാലെ ത്രിവേണിയിലെ മണലെടുപ്പ് ജോലികൾ നിർത്തിവെച്ചു.

വനം വകുപ്പ് പറയും പോലെ മണൽ നീക്കാൻ കഴിയില്ലെന്നായിരുന്നു കേരളാ ക്ലേസ് ആൻഡ് സെറാമിക്സ് എം.ഡിയുടെ വാദം. മുൻ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി മണലെടുക്കുന്നത് വിലയിരുത്താൻ യോഗം ചേർന്നത് നേരത്തെ വിവാദമായിരുന്നു .

വനം മന്ത്രി അറിയാതെ ആയിരുന്നു ചീഫ് സെക്രട്ടറിയുടെ യോഗം . പ്രതിപക്ഷ നേതാവുൾപ്പെടെ പമ്പയിലെ മണലെടുപ്പിൽ വൻ അഴിമതി ഉണ്ടെന്ന ആരോപണവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് വനം വകുപ്പ് നിലപാട് കടുപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *