ജൂണ്‍ 1 ന് സ്‌ക്കൂള്‍ തുറക്കില്ല; ഓണ്‍ലൈന്‍ ക്ലാസുകള്‍ 8-30 മുതല്‍ 6 വരെ

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌ക്കൂളുകള്‍ ജൂണ്‍ 1 ന് തുറക്കില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം അനുസരിച്ചായിരിക്കും സ്‌ക്കൂളുകള്‍ തുറക്കുന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം നേരത്തെ പ്രഖ്യാപിച്ചത് പോലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ 1 ന് തന്നെ തുടങ്ങുമെന്നും എന്നാല്‍ അധ്യാപകരോ കുട്ടികളോ ഇതിനായി സ്‌ക്കൂളില്‍ ഹാജരാകേണ്ടതില്ലെന്നും ക്യൂഐപി സമിതി യോഗം അറിയിച്ചു. വിക്ടേര്‍സ് ചാനല്‍ വഴിയാകും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുക. രാവിലെ 8-30 മുതല്‍ വൈകുന്നേരം 6 മണിവരെയാകും ക്ലാസ് നടക്കുക.

പ്രൈമറി തലത്തില്‍ അര മണിക്കൂറും ഹൈസ്‌ക്കൂള്‍ തലത്തില്‍ ഒരു മണിക്കൂറും ഹയര്‍സെക്കണ്ടറി തലത്തില്‍ ഒന്നര മണിക്കൂറും ആയിരിക്കും ക്ലാസുകള്‍ നടക്കുക. എന്നാല്‍ ഇത്തരം ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാവര്‍ക്കും ലഭ്യമാണമെന്നില്ല. ഓണ്‍ലൈന്‍, ടെലിവിഷന്‍ സൗകര്യം ഇല്ലാത്തവര്‍ക്കായി വായന ശാലകള്‍, കുടുംബശ്രീകള്‍ തുടങ്ങിയവ മുഖേന സൗകര്യം ഒരുക്കാനാണ് തീരുമാനം. ഇത് സംബന്ധിക്കുന്ന മാര്‍ഗ രേഖ ഉടന്‍ പുറത്ത് ഇറങ്ങും.

എന്നാല്‍ രാജ്യത്ത് കൊവിഡ്-19 പ്രതിസന്ധി നിലവില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‌ക്കൂളുകളോ കോളെജുകളോ മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങളോ തുറക്കുന്നത് സംബന്ധിച്ച്‌ ഒരു തീരുമാനവും ഇതുവരേയും എടുത്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഗ്രീന്‍, ഓറഞ്ച് സോണുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലൈ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

ക്ലാസുകള്‍ ആരംഭിച്ച്‌ കഴിഞ്ഞാല്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ആറടി ദുരമുണ്ടായിരിക്കണം. എല്ലാ വിദ്യാര്‍ത്ഥികളും ക്ലാസില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടി വരും. തുടക്കത്തില്‍ സ്‌ക്കൂള്‍ കാന്റനുകള്‍ തുറക്കില്ല. വിദ്യാര്‍ത്ഥികളോട് ഉ്ച്ചഭക്ഷണം കൊണ്ട് വരാന്‍ ആവശ്യപ്പെടും. ആദ്യ കുറച്ച്‌ മാസങ്ങളില്‍ സ്‌ക്കൂളില്‍ അസംബ്ലിയും ഉണ്ടായിരിക്കുന്നതല്ല തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *