ബെവ് ക്യൂ “ആപ്പി”നെ കുറിച്ച് പരാതിപ്രളയം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിന് വേണ്ടി പുറത്തിറക്കിയ ബെവ് ക്യൂ ആപ്പിനെ കുറിച്ച്‌  രണ്ടാം ദിവസവും നിരവധി പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ആദ്യദിവസം ആപ്പ് പ്ലേ സ്റ്റോറില്‍ പലര്‍ക്കും ലഭ്യമായിരുന്നില്ല. ലഭ്യമായ ചിലര്‍ക്ക് ഒടിപി നമ്ബര്‍ കിട്ടിയില്ല. ഒടിപി പ്രശ്‌നം പരിഹരിച്ചുവെങ്കിലും ആപ്പില്‍ തകരാറുകള്‍ തുടരുകയാണ്.

ബെവ് ക്യൂ ആപ്പിന്റെ നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് കമ്ബനിക്കെതിരെ വലിയ വിമര്‍ശനം ആണ് ഉയരുന്നത്. അതിനിടെ ഫെയര്‍കോഡ് കമ്ബനിയുടെ കൊച്ചി ഇളംകുളത്തുളള ഓഫീസ് അകത്ത് നിന്ന് പൂട്ടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്ബനി ഉടമകള്‍ ഫോണ്‍കോളുകളോട് പ്രതികരിക്കുന്നില്ല. മാത്രമല്ല ഫെയര്‍കോഡ് കമ്ബനിയുടെ ഫേസ്ബുക്ക് പേജില്‍ ബെവ് ക്യൂ ആപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന പോസ്റ്റുകളെല്ലാം നീക്കം ചെയ്യപ്പെട്ടിരിക്കുകയുമാണ്.

ബെവ് ക്യൂ ആപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഇതിനകം തന്നെ അഴിമതി ആരോപണം ഉയര്‍ത്തിക്കഴിഞ്ഞു. ഫെയര്‍കോഡിനെ ആപ്പ് നിര്‍മ്മാണം ഏല്‍പ്പിച്ചതിന് പിന്നില്‍ അഴിമതി ഉണ്ടെന്നാണ് ആരോപണം. തകരാറുകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ മദ്യവിതരണത്തില്‍ നിന്ന് ബെവ് ക്യൂ ആപ്പിനെ ഒഴിവാക്കണം എന്നാണ് ബാറുടമകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ബെവ് ക്യൂ ആപ്പ് തുടരും എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുളളത്.

ബെവ് ക്യൂ ആപ്പിനെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഉന്നതതല യോഗം വിളിച്ച്‌ ചേര്‍ത്തിരുന്നു. ഫെയര്‍കോഡ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. സാങ്കേതിക പ്രശ്‌നം ഉടനെ പരിഹരിക്കാം എന്നാണ് നിര്‍മ്മാതാക്കള്‍ യോഗത്തില്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആപ് പിന്‍വലിക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *