ആതിര ദുരഭിമാന കൊല: പ്രതിയായ അച്ഛൻ രാജനെ കോടതി വെറുതെ വിട്ടു

മലപ്പുറം: അരീക്കോട് ആതിര ദുരഭിമാന കൊലക്കേസിലെ പ്രതിയായ അച്ഛൻ രാജനെ മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലും സാക്ഷികള്‍ കൂറുമാറിയതിനാലും രാജനെ കോടതി വെറുതെ വിടുകയായിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയും സഹോദരനുമടക്കമുള്ള കേസിലെ എല്ലാ പ്രധാന സാക്ഷികളും കോടതിയിൽ കൂറുമാറി.

രണ്ട് വര്‍ഷം മുമ്പ് 2018 മാര്‍ച്ച് 22 നായിരുന്നു ആതിര വീട്ടില്‍ കുത്തേറ്റു മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ജീവനക്കാരിയായിരുന്ന ആതിര ഇതര ജാതിയില്‍പ്പെട്ട ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ പിതാവ് രാജൻ മകളുമായി തര്‍ക്കത്തിലാവുകയും തര്‍ക്കം പിന്നീട് കൈയ്യാങ്കളിയിലെത്തുകയും ചെയ്തു. തുടര്‍ന്ന് ബന്ധുക്കളും പൊലീസും ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുകയും യുവാവുമായുള്ള പെൺകുട്ടിയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു.

2018 മാര്‍ച്ച് 23 നായിരുന്ന വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ 22 ന് മദ്യപിച്ചെത്തിയ രാജൻ മകളുടെ വിവാഹ വസ്ത്രമടക്കം കത്തിക്കുകയും അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ മകളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.  കേസിലെ പ്രധാന സാക്ഷികളായ പെൺകുട്ടിയുടെ അമ്മ,സഹോദരൻ,അമ്മാവൻ എന്നിവര്‍ പ്രതിക്ക് അനുകൂലമായി കൂറു മാറിയിരുന്നു. ഇതും സംശത്തിന്‍റെ ആനുകൂല്യവും നല്‍കിയാണ് പ്രതി രാജനെ കോടതി വെറുതെ വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *