കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട; രണ്ട് പേരെ അറസ്റ്റ് ചെയ്തു

കോട്ടയം:  ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. പുസ്തകങ്ങള്‍ നിറച്ച ലോറിയില്‍ കടത്താന്‍ ശ്രമിച്ച 65 കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. കഞ്ചാവ് ആന്ധ്രയില്‍ നിന്ന് എറണാകുളത്തേക്ക് വില്പനക്കായി കൊണ്ടുവരുകയായിരുന്നു. രണ്ട് പേരെ അറസ്റ്റ് ചെയ്തു.

കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്ന സംഘത്തിന്റെ കണ്ണികളാണ് കോട്ടയത്ത് പിടിയിലായത്. സംസ്ഥാനത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ട. പുസ്തകങ്ങള്‍ നിറച്ച ലോറിയിലായിരുന്നു കഞ്ചാവ് കടത്ത്.

ആന്ധ്രയില്‍ നിന്നും എറണാകുളത്തേക്കാണ് കഞ്ചാവ് കൊണ്ടുവന്നത്. വാളയാര്‍ ചെക്ക് പോസ്റ്റ് മുതല്‍ എക്സൈസ് സംഘം ലോറിക്ക് പിന്നാലെയുണ്ടായിരുന്നു. എവിടെ ലോഡ് ഇറക്കുന്നു എന്ന് പരിശോധിക്കാനായിരുന്നു ഇത്. കോട്ടയം കാരിത്താസിന് സമീപം ലോറിയില്‍ നിന്നും ലോഡ് ഇറക്കിയതോടെയാണ് പിടി വീഴുന്നത്.

പുസ്തകങ്ങള്‍ വില്‍ക്കുന്ന എറണാകുളത്തെ കച്ചവടക്കാരും കോട്ടയം സ്വദേശിയായ ലോറി ഉടമ അനന്ദുവുമാണ് കഞ്ചാവ് കടത്തിന് പിന്നില്‍. നിലവില്‍ ഡ്രൈവറേയും ഉടമയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റും ഉണ്ടാകും. കഴിഞ്ഞ കുറേ ദിവസങ്ങളായി എക്സൈസി‍ന്റെ പ്രത്യേക സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു ഇവര്‍. നേരത്തെ മൂന്ന് തവണ ഇത് പോലെ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *