സർക്കാരിനോട് കടമ നിർവഹിക്കാൻ ആർബിഐ ആവശ്യപ്പെടണമെന്ന് ചിദംബരം

ന്യൂഡൽഹി: രാജ്യം വൻ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്താൻ കേന്ദ്രസർക്കാരിന് നിർദേശം നൽകാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തയാറാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധന മന്ത്രിയുമായ പി. ചിദംബരം.

നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ ആഭ്യന്തര വളർച്ചാ നിരക്ക് നെഗറ്റീവിലേക്കു കൂപ്പുകുത്തുമെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചിദംബരം.

കടമ നിർവഹിക്കണമെന്നും ധനപരമായ നടപടികൾ കാലോചിതമായി നിർവഹിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടാൻ ആർബിഐയ്ക്ക് കടമയുണ്ടെന്നും ചിദംബരം പറഞ്ഞു. രാജ്യത്തെ ആഭ്യന്തര വളർച്ചാ നിരക്കിനെ സംബന്ധിച്ചുള്ള കേന്ദ്ര അവകാശവാദങ്ങൾ ആർബിഐ ഗവർണർ തള്ളിയ സാഹചര്യത്തിൽ ജിഡിപിയുടെ ഒരു ശതമാനത്തിനും താഴെയുള്ള ഉത്തേജക പാക്കേജിന്റെ പേരിൽ ഇനിയും പ്രധാനമന്ത്രിയും ധനമന്ത്രിയും സ്വയം പ്രശംസയ്ക്ക് തയാറാകുമോയെന്നും ചിദംബരം ചോദിച്ചു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് നടപ്പു സാമ്പത്തിക വർഷത്തിൽ ജിഡിപിയിൽ കാര്യമായ ചലനം സൃഷ്ടിക്കില്ലെന്നു ആർബിഐ ഗവർണറുടെ പ്രസ്താവനയിൽനിന്ന് വ്യക്തമാണെന്നും ചിദംബരം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *