അടുത്ത 10 ദിവസം 2600 ശ്രമിക് ട്രെയിനുകൾ കൂടി ഓടിക്കും: റെയിൽവേ

ന്യൂഡൽഹി : രാജ്യത്തുടനീളം അടുത്ത 10 ദിവസത്തിനുള്ളിൽ 2600 ശ്രമിക് ട്രെയിനുകൾ കൂടി ഓടിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. സംസ്ഥാന ഭരണകൂടങ്ങളുടെ ആവശ്യപ്രകാരമായിരിക്കും ഇത്. രാജ്യത്തെങ്ങുമായി കുടുങ്ങിക്കിടക്കുന്ന 36 ലക്ഷം യാത്രക്കാർക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

ലോക്ഡൗൺ മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾ, തീർഥാടകർ, വിനോദസഞ്ചാരികൾ, വിദ്യാർഥികൾ തുടങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായി ഈ മാസം ഒന്ന് മുതലാണ് ശ്രമിക് സ്പെഷൽ ട്രെയിൻ സേവനം ഇന്ത്യൻ റെയിൽവേ ആരംഭിച്ചത്.

കഴിഞ്ഞ 23 ദിവസത്തിനിടെ, 2600 ശ്രമിക് സ്പെഷൽ ട്രെയിനുകളാണ് രാജ്യത്ത് സേവനം നടത്തിയത്. വിവിധ ഭാഗങ്ങളിൽ കുടുങ്ങിപ്പോയ 36 ലക്ഷത്തോളം അതിഥി തൊഴിലാളികളെ ഇതുവരെ സ്വദേശങ്ങളിലേയ്ക്ക് തിരികെ അയച്ചിട്ടുണ്ട്. ശ്രമിക് ട്രെയിനുകൾക്കു പുറമെ, 15 ജോഡി സ്പെഷൽ ട്രെയിനുകളും ഈ മാസം 12 മുതൽ റെയിൽവേ മന്ത്രാലയം തുടക്കമിട്ടിരുന്നു. ഇതിനു പുറമെ, അടുത്തമാസം ഒന്ന് മുതൽ, 200 ട്രെയിൻ സേവനങ്ങൾ കൂടി ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *