ലാന്‍ഡിങ്ങിനു തൊട്ടു മുമ്ബ് പാക്ക് എയര്‍ലൈന്‍സ് വിമാനം 98 പേരുമായി തകര്‍ന്നുവീണു

ഇസ്ലാമാബാദ്: കറാച്ചിക്ക് സമീപം പാകിസ്താന്‍ ഇന്‍റര്‍നാഷനല്‍ എയര്‍ലൈന്‍സിന്‍റെ വിമാനം തകര്‍ന്നുവീണു. 90 യാത്രികരും എട്ട് ജീവനക്കാരുമായി പറന്ന എയര്‍ബസ് എ320 വിമാനമാണ് തകര്‍ന്നുവീണത്. കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് അപകടം.

ലഹോറില്‍നിന്ന് കറാച്ചിയിലേക്ക് വരികയായിരുന്നു വിമാനം. കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജിന്ന ഗാര്‍ഡന്‍ മേഖലയിലെ ജനവാസ കേന്ദ്രത്തിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനാവശിഷ്ടങ്ങളില്‍നിന്നും സമീപത്തെ കെട്ടിടങ്ങളില്‍നിന്നും കനത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ പാക് മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തു.

വീടുകളും കെട്ടിടങ്ങളും സ്ഥാപനങ്ങളുമുള്ള മേഖലയിലാണ് ദുരന്തമുണ്ടായിരിക്കുന്നത്. പാക് സൈന്യവും ദ്രുതകര്‍മസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും വിശദവിവരങ്ങള്‍ ലഭ്യമാക്കുമെന്നും പാകിസ്താന്‍ ഇന്‍റര്‍നാഷനല്‍ എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. എമര്‍ജന്‍സി ലാന്‍ഡിങ് നടത്താന്‍ പരിശീലനം ലഭിച്ച വൈമാനികരാണ് വിമാനത്തിലുണ്ടായിരുന്നതെന്നും വക്താവ് അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് കറാച്ചിയിലെ പ്രധാന ആശുപത്രികള്‍ക്ക് ചികിത്സാ സജ്ജീകരണങ്ങളൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പാകിസ്താന്‍ വിമാന സര്‍വിസുകള്‍ റദ്ദാക്കിയിരുന്നു. മേയ് 16നാണ് സര്‍വിസുകള്‍ പുനരാരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *