സ്പ്രിംക്ലറിനെ കോവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കി

കൊച്ചി: സ്പ്രിംക്ലര്‍ കമ്പനിയെ കോവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ സ്പ്രിംക്ലറിനെ ഒഴിവാക്കിയതായി വ്യക്തമാക്കിയിട്ടുളളത്.

സ്പ്രിംക്ലര്‍ ഇനി മുതല്‍ സംസ്ഥാനത്തെ കോവിഡ് വിവരശേഖരണം നടത്തുകയോ വിശകലനം ചെയ്യുകയോ ഇല്ല. സി ഡിറ്റ് ആണ് ഇനി വിവരശേഖരണവും വിശകലനവും നടത്തുക എന്നും സര്‍ക്കാര്‍ അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട് ഇതുവരെ സ്പ്രിംക്ലര്‍ ശേഖരിച്ച വിവരങ്ങള്‍ എല്ലാം നശിപ്പിക്കണം. അതേസമയം സ്പ്രിംക്ലറുമായി സോഫ്റ്റ് വെയര്‍ അപ്‌ഡേഷനുളള കരാര്‍ സംസ്ഥാനം തുടരും.

ആമസോണ്‍ ക്ലൗഡിലെ സോഫ്‌റ്റ്വെയര്‍ സ്പ്രിംക്ലറിന് ഉപയോഗിക്കാന്‍ സാധിക്കില്ല. ഡാറ്റകള്‍ നശിപ്പിക്കാന്‍ കമ്ബനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. കൊവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര സഹായം വേണമെന്നും സര്‍ക്കാര്‍ പറയുന്നു. ഡാറ്റ കൈകാര്യം ചെയ്യാന്‍ സഹായിക്കാന്‍ തയ്യാറാണെന്ന് നേരത്തെ കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് കോവിഡ് വ്യാപിച്ച അടിയന്തര ഘട്ടത്തിലാണ് ഡാറ്റ കൈകാര്യം ചെയ്യാന്‍ സ്പ്രിംക്ലര്‍ കമ്ബനിയുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടത്. കോവിഡ രോഗികളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ സ്പ്രിംകഌിനെ ഏല്‍പ്പിച്ചതിന് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യം രംഗത്ത് വന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷം സര്‍ക്കാരിനെ കടന്നാക്രമിച്ചു.

കരാറില്‍ സുതാര്യത ഇല്ലെന്നും കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോരും എന്നായിരുന്നു പ്രധാന ആക്ഷേപം. എന്നാല്‍ കരാര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുളളവര്‍ കരാറിനെതിരെ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കരാര്‍ റദ്ദാക്കാന്‍ കോടതി പറഞ്ഞില്ല. മറിച്ച് അസാധാരണ സാഹചര്യം പരിഗണിചച് ഉപാധികളോടെ കരാര്‍ തുടരാന്‍ അനുവദിക്കുകയാണ് ഹൈക്കോടതി ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *