കുടിയേറ്റ തൊഴിലാളികള്‍ക്ക് കൂടുതല്‍ ട്രെയിന്‍ സൗകര്യമൊരുക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് കുടിയേറ്റ തൊഴിലാളികള്‍ വാഹനാപകടത്തില്‍ കൂട്ടത്തോടെ മരിക്കുന്നതിനിടെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്ത്. റോഡിലൂടെയും റെയില്‍വേ ട്രാക്കിലൂടെയും തൊഴിലാളികള്‍ കാല്‍നടയായി സഞ്ചരിക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. കൂടുതല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തി തൊഴിലാളികള്‍ക്ക് സഞ്ചാര സൗകര്യമൊരുക്കണമെന്നും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നു.

കുടിയേറ്റ തൊഴിലാളികളെ സ്വദേശങ്ങളിലെത്തിക്കുന്നതിന് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുന്നതിന് റെയില്‍വേ മന്ത്രാലയവുമായി ബന്ധപ്പെട്ട് സൗകര്യങ്ങളൊരുക്കണമെന്ന് കത്തില്‍ നിര്‍ദേശിക്കുന്നു. ഒരു കുടിയേറ്റ തൊഴിലാളിയും റോഡിലൂടെയോ റെയില്‍വേ പാളത്തിലൂടെയോ കാല്‍നടയായി യാത്രചെയ്യുന്നില്ലെന്ന കാര്യം സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുന്ന കേന്ദ്രം നിലവില്‍ വീടുകളിലേക്ക് കാല്‍നടയായി സഞ്ചരിക്കുന്ന തൊഴിലാളികള്‍ക്ക് വഴിയില്‍ വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കുകയും ഭക്ഷണവും വെള്ളവും ലഭ്യമാക്കുകയും വേണമെന്നും നിര്‍ദേശിക്കുന്നു.

ഇതിനായി ജില്ലാ ഭരണകൂടങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കെട്ടിടങ്ങള്‍ കണ്ടെത്തണമെന്നാണ് കേന്ദ്രം പറയുന്നത്. ഇവിടെ ഭക്ഷണം, അണുവിമുക്തമാക്കുന്നതിനുള്ള സൗകര്യങ്ങള്‍, ചികിത്സാസൗകര്യങ്ങള്‍, വിശ്രമ സൗകര്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം. ആവശ്യമെങ്കില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യവും വേണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദേശത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *