സംസ്ഥാനത്ത് മദ്യശാലകള്‍ ഒന്നിച്ചുതുറക്കും: എക്‌സൈസ് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തു മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. മദ്യശാലകൾ തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായാൽ തീയതി പ്രഖ്യാപിക്കും. കഴിയുന്നത്ര വേഗത്തിൽ നടപടികൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ബവ്കോയുടെയും കൺസ്യൂമർഫെഡിന്റെയും 301 മദ്യശാലകളും ഒന്നിച്ച് തുറക്കും. ക്ലബ്ബുകൾ തുറക്കാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മദ്യശാലകൾ തുറക്കുമ്പോൾ ഉണ്ടാകുന്ന തിരക്കു പരിഗണിച്ച് ചില പ്രായോഗിക നടപടികൾ സ്വീകരിക്കും. മദ്യത്തിനുള്ള ബുക്കിങ് ഓൺലൈൻ വഴി സ്വീകരിക്കും. ഔട്ട്ലറ്റ് വഴി മദ്യം നൽകും. പണം അടയ്ക്കേണ്ടത് ഔട്ട്ലറ്റിലാണ്. മദ്യശാലകളുടെ പ്രവർത്തന സമയം കുറയ്ക്കാന്‍ ആലോചിക്കുന്നു. മദ്യത്തിന്റെ വില വർധിപ്പിക്കാൻ തീരുമാനിച്ചു.

പ്രതിസന്ധി മറികടക്കാന്‍ ബീയറിന്റെയും വൈനിന്റെയും നികുതി 10 ശതമാനവും മറ്റു മദ്യങ്ങൾക്കു വിൽപ്പന നികുതി 35 ശതമാനവും വർധിപ്പിച്ചു. ഗവർണറുടെ അനുമതിക്കായി അയച്ചിട്ടുണ്ട്. ബാർ ഹോട്ടലുകൾ ഇപ്പോൾ തുറക്കാൻ കഴിയില്ല. ബാറിലെ പ്രത്യേക കൗണ്ടർ തുറന്ന് അവിടെ മദ്യം പാഴ്സൽ നൽകും. ബവ്റിജസ് നിരക്കിലായിരിക്കണം മദ്യം വിൽക്കേണ്ടത്. അതിനു നിയമഭേദഗതി തയാറായി വരുന്നു. മദ്യം വാങ്ങാൻ ആപ്പ് സൗകര്യം ഉണ്ടാകും. ഐടി മിഷനും സ്റ്റാർട്ട് അപ് മിഷനും ചേർന്നാണ് ആപ് തയാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *