ഡൽഹിയിൽ നിന്ന് ആദ്യ ട്രെയിൻ തിരുവനന്തപുരത്ത് എത്തി

തിരുവനന്തപുരം : ന്യൂ‍ഡൽഹിയിൽ നിന്നു തിരിച്ച കോവിഡ് കാലത്തെ ആദ്യ രാജധാനി സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ (02432) തിരുവനന്തപുരത്തെത്തി. പുലർച്ചെ അഞ്ചരയോടെയാണ് ട്രെയിൻ തലസ്ഥാനത്ത് എത്തിയത്. 602 പേരാണ് ഇവിടെ ഇറങ്ങിയത്.

സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ രാത്രി 10 മണിക്കാണ് ട്രെയിൻ എത്തിയത്. 198 യാത്രക്കാർ കോഴിക്കോടും രണ്ടാമത്തെ സ്റ്റോപ്പായ എറണാകുളത്ത് 269 പേരും ഇറങ്ങി. കോഴിക്കോടേക്ക് 216 പേർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും 18 പേർ പിന്നീട് റദ്ദാക്കി.

കോഴിക്കോട് ഇറങ്ങിയ ആറു പേർക്ക് കോവിഡ് രോഗലക്ഷണം കണ്ടതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി. പുലർച്ചെ 1.40നാണ് എറണാകുളം സൗത്ത് ജംങ്ഷനിൽ എത്തിയത്. ഒരു എസി ഫസ്റ്റ് ക്ലാസ്, 5 സെക്കൻഡ് എസി, 11 തേർഡ് എസി കോച്ചുകളിലായി ആയിരത്തിലധികം യാത്രക്കാരായിരുന്നു ട്രെയിനിൽ. എല്ലാ യാത്രക്കാരുടെയും ലഗേജ് അണുമുക്തമാക്കാനും സൗകര്യമൊരുക്കി.

ജില്ലാ അടിസ്ഥാനത്തിൽ ഹെൽപ് ഡെസ്കുകളിൽ ആരോഗ്യ, പൊലീസ് വകുപ്പുകളിലെ ജീവനക്കാർ രേഖകൾ പരിശോധിച്ചു. വൈദ്യപരിശോധനയ്ക്കു ശേഷം രോഗലക്ഷണം ഇല്ലാത്തവർക്ക് 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റീന് അനുവദിച്ചു. ഹോം ക്വാറന്റീൻ പാലിക്കാനാകാത്തവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ സൗകര്യമാണ് ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *