കേരള പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്ടറിന്റെ ആദ്യപറക്കല്‍ കൊച്ചിയിലേക്ക്‌

തിരുവനന്തപുരം: കേരള പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്ടറിന്റെ ആദ്യപറക്കല്‍ അവയവദാനത്തിന്. തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ച്‌ മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയമാണ് കൊച്ചിയിലെത്തിക്കുന്നത്.

കൊച്ചി ലിസി ആശുപത്രിയില്‍ നിന്ന് ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 50 വയസുള്ള സ്ത്രീയുടെ ഹൃദയവുമായി ഉച്ചയോടെ കൊച്ചിയിലേക്ക് ഹെലികോപ്ടര്‍ യാത്രതിരിക്കും.

എറണാകുളം ഗ്രാന്റ് ഹയാത്തിലെ ഹെലിപാഡിലായിരിക്കും ഹെലികോപ്ടര്‍ പറന്നിറങ്ങുക. പിന്നീട് ഗ്രീന്‍ കോറിഡോര്‍ സജ്ജീകരിച്ച്‌ നാല് മിനിറ്റിനുള്ളില്‍ പ്രത്യേക ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കും. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖ്‌റെയാണ് ഇക്കാര്യം അറിയിച്ചത്. ഹെലികോപ്ടര്‍ ബോള്‍ഗാട്ടിയിലെ ഗ്രാന്റ് ഹയാത്തില്‍ എത്തിയാല്‍ പിന്നെ ഈ വഴിയുള്ള ഗാതാഗതം അല്പസമയത്തേക്ക് നിരോധിക്കുകയാകും ചെയ്യുക.

പൊലീസിന്റെ മേല്‍നോട്ടം ഇവിടെ ഉണ്ടാകും. ആശുപത്രിയിലും പൊലീസ് ഉണ്ടായിരിക്കും. സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്ടറാണ് എയര്‍ ആംബുലന്‍ലസായി ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്ടര്‍ ഉപയോഗിക്കുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കാന്‍ ഒന്നരക്കോടി രൂപ സര്‍ക്കാര്‍ ട്രഷറിയില്‍ നിന്ന് കൈമാറിയത് വന്‍വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *