ക്ഷേമനിധി ആനുകൂല്യങ്ങള്‍ ലഭിക്കാത്തവര്‍ക്കുള്ള ധനസഹായവിതരണം 14 മുതല്‍

തിരുവനന്തപുരം : പെന്‍ഷന്‍, ക്ഷേമനിധികളുടെ ആനുകൂല്യം ലഭിക്കാത്തവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം രൂപയുടെ സഹായ വിതരണം സഹകരണവകുപ്പ് അടുത്ത വ്യാഴാഴ്ച (മെയ് 14) ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് 25നകം വിതരണം പൂര്‍ത്തിയാക്കും.

സംസ്ഥാനത്ത് കോവിഡ് കാലത്തിനുശേഷമുള്ള ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള ‘സുഭിക്ഷ കേരളം’ പദ്ധതി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഒരുവര്‍ഷം കൊണ്ട് 3,860 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി എന്നീ മേഖലകളില്‍ വിവിധ വകുപ്പുകള്‍ ഒന്നിച്ച്‌ നടപ്പാക്കുന്ന ഈ പദ്ധതി വിജയിപ്പിക്കാന്‍ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

തരിശുനിലങ്ങളില്‍ കൃഷിയിറക്കുക, ഉല്‍പാദനവര്‍ധനയിലൂടെ കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കുക, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഈ ബൃഹദ് പദ്ധതിയിലൂടെ നമുക്ക് ഇന്നത്തെ പ്രയാസങ്ങളെ അതിജീവിക്കാന്‍ കഴിയണം.

സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിചച് പൂര്‍ണതോതില്‍ പുനരാരംഭിക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ നമ്മുടെ സാമ്ബത്തികരംഗം അഭിവൃദ്ധിപ്പെടുകയുള്ളു.

കോവിഡ് രോഗവുമായി ബന്ധപ്പെട്ട വാക്സിന്‍, മരുന്നുകള്‍, ഉപകരണങ്ങള്‍ എന്നിവ വികസിപ്പിച്ചെടുക്കാന്‍ കുത്തക കമ്ബനികള്‍ ശ്രമിച്ചുവരികയാണ്. ഇങ്ങനെ വികസിപ്പിച്ചെടുക്കുന്ന ഉല്‍പന്നങ്ങള്‍ പേറ്റന്‍റ് ചെയ്ത് സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വന്‍ വിലയ്ക്കായിരിക്കും മാര്‍ക്കറ്റ് ചെയ്യുക.

ഇതിനു ബദലായി പരസ്പര സഹകരണത്തിന്‍റെയും പങ്കിടലിന്‍റെയും അടിസ്ഥാനത്തില്‍ ഓപ്പണ്‍സോഴ്സ് കോവിഡ് പ്രസ്ഥാനം ശക്തിപ്പെട്ടുവരുന്നുണ്ട്. ഈ പ്രസ്ഥാനത്തോട് കേരളം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

വിദേശങ്ങളില്‍നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യ സിം സര്‍വീസ് നല്‍കാമെന്ന് എയര്‍ടെല്‍ അറിയിച്ചിട്ടുണ്ട്. 4ജി സിമ്മുകള്‍ നല്‍കും. സൗജന്യ ഡാറ്റാ ടോക്ക്ടൈം സേവനം ഉണ്ടാകുമെന്ന് ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് അറിയിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *