സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്തും കാസര്‍കോടുമാണ് ഇന്ന് ഓരോ കേസുകള്‍ പോസിറ്റീവായത്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്. ഒരാള്‍ക്ക് സന്പര്‍ക്കത്തിലൂടെയും രോഗം ലഭിച്ചു. ഇന്ന് പതിനാലു പേരാണ് സംസ്ഥാനത്തില്‍ രോഗമുക്തരായത്. കൊവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പാലക്കാട് നാല്, കൊല്ലം മൂന്ന്, കണ്ണൂര്‍ കാസര്‍കോട് രണ്ട് വീതം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ എണ്ണം. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 497 ആയി. 111പേര്‍ ചികില്‍സയിലുണ്ട്. 20,​711 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 20285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലും നീരീക്ഷണത്തില്‍. 95 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 25973 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 25135 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി.

അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്ന് രോഗമുണ്ടാകുന്നു. അതിഥി തൊഴിലാളികളെ ബസ് മാര്‍ഗം തിരിച്ചു അയക്കണം എന്ന കേന്ദ്ര നിര്‍ദേശം അപ്രായോഗികമാണ്. പ്രത്യക തീവണ്ടി വേണം എന്ന് വീണ്ടും കേന്ദ്രത്തോട് ആവശ്യപെട്ടു. തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയെ ഇന്ന് ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. കൊല്ലത്തെ ഓച്ചിറ,തൃക്കോവിലോട്ടം, കോട്ടയത്തെ ഉദയാന്നാപുരം പഞ്ചായത്തും പുതുതായി ഹോട്ട് സ്‌പോട്ട് പട്ടികയിലേക്ക് ചേര്‍ത്തു. ഇങ്ങനെ സംസ്ഥാനത്ത് ആകെ 70 ഹോട്ട് സ്‌പോട്ടുകള്‍ നിലവിലുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ വന്ന സാഹചര്യത്തില്‍ കോട്ടയം, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ നിയന്ത്രണം കര്‍ശനമാക്കി. ജില്ല ദുരന്തനിവരാണ അതോറിറ്റിയുമായി ആലോചിച്ച്‌ നിയന്ത്രണം നടപ്പാക്കാനാണ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹോട്ട് സ്‌പോട്ട് മേഖലകളിലേക്കുള്ള പ്രവേശനം ഒറ്ററോഡിലൂടെ മാത്രമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *