അമിത ആത്മവിശ്വാസമരുത്, നിതാന്ത ജാഗ്രത വേണം: പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡ് പ്രതിരോധം രാജ്യത്തെ ജനങ്ങളാണ് നയിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ഒറ്റക്കെട്ടാണ്. പ്രതിരോധത്തില്‍ സംസ്ഥാനങ്ങള്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ആരും കോവിഡ് തന്റെ പ്രദേശത്ത് വരില്ലെന്ന് കരുതരുത്. അമിത ആത്മവിശ്വാസം പാടില്ല. നിതാന്ത ജാഗ്രത വേണമെന്നും മൻ കി ബാത്ത് റേഡിയോ പ്രഭാഷണത്തിൽ പ്രധാനമന്ത്രി നിര്‍ദേശിച്ചു.

രാജ്യത്തെ 130 കോടി ജനങ്ങളെ നമിക്കുന്നു. എല്ലാവരും മാസ്ക് ധരിക്കണം. മാസ്ക് സ്വയരക്ഷയ്ക്ക് മാത്രമല്ല, മറ്റുളളവരുടെ സുരക്ഷയ്ക്കുമാണ്. ഇതു ശീലമാകണം. പൊതുസ്ഥലങ്ങളില്‍ തുപ്പരുത്. ഇത്തരം ദുശ്ശീലങ്ങള്‍ എന്നെന്നേക്കുമായി ഇല്ലാതാക്കണം. രാജ്യത്ത്് ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളെ കര്‍ശനമായി നേരിടുമെന്നും പറഞ്ഞു.

കൊറോണയ്‌ക്കെതിരെയുള്ള ഭാരതത്തിന്റെ പോരാട്ടം പല അര്‍ഥത്തില്‍ ജനങ്ങള്‍ നയിക്കുന്നതാണ്. ഭാരതത്തില്‍ കൊറോണയ്‌ക്കെതിരെ പോരാട്ടം നടത്തുന്നത് ജനങ്ങളാണ്, നിങ്ങളോരോരുത്തരുമാണ്. ജനങ്ങളോടൊപ്പം ചേര്‍ന്ന് ഭരണകൂടവും ഉദ്യോഗസ്ഥരും പോരാടുകയാണ്. വികസനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന, ദാരിദ്ര്യവുമായി നിര്‍ണായകമായ പോരാട്ടം നടത്തുന്ന വിശാലമായ രാജ്യമാണു ഭാരതം. ഇന്ന് മുഴുവന്‍ രാജ്യവും എല്ലാ പൗരന്മാരും ഈ പോരാട്ടത്തില്‍ പടയാളികളാണ്. പോരാട്ടത്തിന് നേതൃത്വം നൽകുകയാണ് എന്നതില്‍ നാം ഭാഗ്യശാലികളാണ്. എവിടെ നോക്കിയാലും ഭാരതം ജനങ്ങള്‍ നയിക്കുന്ന പോരാട്ടമാണ് നടത്തുന്നതെന്നു കാണാനാകും.

കയ്യടി, പാത്രം കൊട്ടല്‍, വിളക്ക്, മെഴുകുതിരി, തുടങ്ങിയവയൊക്കെ ഒരു പുതിയ മനോവികാരത്തിന് ജന്മം കൊടുത്തു. ഉത്സാഹത്തോടെ ജനങ്ങളാകെ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള നിശ്ചയമെടുത്തു. എല്ലാവരെയും ഈ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചു. നഗരത്തിലാണെങ്കിലും ഗ്രാമത്തിലാണെങ്കിലും രാജ്യത്ത് എല്ലാവരും തങ്ങളുടേതായ പങ്കുവഹിക്കുന്നതിന് ഉത്സാഹിക്കുന്ന, വലിയ മഹായജ്ഞം നടക്കുന്ന പ്രതീതിയാണ്. നമ്മുടെ കര്‍ഷക സഹോദരീ സഹോദന്മാരെ നോക്കൂ, ഒരു വശത്ത് അവര്‍ ഈ മഹാമാരിക്കിടയിലും യലുകളില്‍ രാപകല്‍ അധ്വാനിക്കുകയും രാജ്യത്ത് ആരും വിശന്ന് ഉറങ്ങരുത് എന്ന് ചിന്തിക്കുകയും ചെയ്യുന്നു. എല്ലാവരും കഴിവിനനുസരിച്ച് ഈ പോരാട്ടത്തില്‍ പങ്കെടുക്കുകയാണ്. ചിലര്‍ വാടക വേണ്ടെന്നു വയ്ക്കുന്നു, ചിലര്‍ പെന്‍ഷന്‍ മുഴുവന്‍, അല്ലെങ്കില്‍ പുരസ്‌കാരം കിട്ടിയ തുക PM CARESല്‍ നിക്ഷേപിക്കുന്നു.

ചിലര്‍ കൃഷിയിടത്തിലെ പച്ചക്കറി മുഴുവന്‍ ദാനം ചെയ്യുന്നു, മറ്റുചിലര്‍ ദിവസവും നൂറുകണക്കിനാളുകള്‍ക്ക് സൗജന്യമായി ഭക്ഷണം നൽകുന്നു. ചിലര്‍ മാസ്‌ക് ഉണ്ടാക്കുന്നു, ചിലയിടത്ത് നമ്മുടെ കര്‍ഷകര്‍ അവര്‍ ക്വാറന്റീനില്‍ കഴിയുന്ന സ്‌കൂളുകള്‍ പെയിന്റ് ചെയ്യുന്നു. സുഹൃത്തുക്കളേ, മറ്റുള്ളവരെ സഹായിക്കാന്‍, നിങ്ങളുടെ ഉള്ളില്‍, ഹൃദയത്തിന്റെ ഏതോ കോണില്‍ ഈ ഉത്സാഹിക്കുന്ന വികാരമുണ്ടല്ലോ, അതാണ്, അതുതന്നെയാണ് കൊറാണയ്‌ക്കെതിരെ ഭാരതത്തിന്റെ പോരാട്ടത്തിന് ശക്തി പകരുന്നത്. അതാണ് ഈ പോരാട്ടത്തെ യഥാര്‍ഥ അര്‍ഥത്തില്‍ ജനങ്ങള്‍ നയിക്കുന്നതാക്കുന്നത്.

നമ്മെയെല്ലാം ഒരു മനസ്സ് ഒരു ശക്തമായ ചരടില്‍ കോര്‍ത്തിണക്കിയിരിക്കുകയാണ്. ഒന്നായി രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള പ്രേരണ ഉണ്ടായിരിക്കുകയാണ്. 130 കോടി ജനങ്ങളുടെ ഈ ഒരു മനോഭാവത്തെ ശിരസ്സു കുനിച്ച് നമിക്കുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ മനോഭാവത്തിനനുസരിച്ച്, രാജ്യത്തിനുവേണ്ടി സ്വന്തം താൽപര്യത്തിനനുസരിച്ച്, അവരവര്‍ക്കു ലഭ്യമായ സമയത്തിനനുസരിച്ച് എന്തെങ്കിലും ചെയ്യാനാകട്ടെ. അതിനായി സര്‍ക്കാര്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയാറാക്കിയിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോമാണ്, covidwarriors.gov.in. സര്‍ക്കാര്‍ ഈ പ്ലാറ്റ്‌ഫോമിലൂടെ എല്ലാ സാമൂഹിക സംഘടനകളുടെയും വൊളന്റിയര്‍മാരെയും പൊതു സമൂഹത്തിന്റെ പ്രതിനിധികളെയും തദ്ദേശ ഭരണകൂടത്തെയും പരസ്പരം ബന്ധിപ്പിച്ചിരിക്കുകയാണ്. വളരെ കുറച്ചു സമയത്തിനുള്ളില്‍ ഈ പോര്‍ട്ടലുമായി ഒന്നേകാല്‍ കോടി ആളുകള്‍ ബന്ധപ്പെട്ടിരിക്കുന്നു.

ഈ ചുറ്റുപാടില്‍ നിങ്ങള്‍ ദേശവാസികളെല്ലാം കാട്ടിയ നിശ്ചയദാര്‍ഢ്യം കാരണം ഭാരതത്തില്‍ പുതിയ മാറ്റത്തിന് തുടക്കം കുറിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ ബിസിനസ്, ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചികിത്സാ മേഖല, എല്ലാം വളരെ വേഗം പുതിയ സാങ്കേതികവിദ്യാമാറ്റങ്ങളിലേക്ക് നീങ്ങുകയാണ്. സാങ്കേതിക വിദ്യയുടെ മേഖലയില്‍ രാജ്യത്തെ എല്ലാ കണ്ടുപിടുത്തക്കാരും പുതിയ പരിതഃസ്ഥിതിക്കിണങ്ങുന്ന എന്തെങ്കിലുമൊക്കെ പുതിയതായി നിര്‍മിക്കുകയാണെന്നാണു തോന്നുന്നത്. സുഹൃത്തുക്കളേ, രാജ്യം ഒരു ടീമായി പ്രവര്‍ത്തിക്കുമ്പോള്‍ എന്താണു സംഭവിക്കുകയെന്ന് നാം നേരിട്ടനുഭവിക്കുകയാണ്. ഇന്ന് കേന്ദ്രസര്‍ക്കാരാണെങ്കിലും സംസ്ഥാന സര്‍ക്കാരാണെങ്കിലും എല്ലാ വകുപ്പുകളും സ്ഥാപനങ്ങളും ഒത്തുചേര്‍ന്ന് മുഴുവന്‍ വേഗതയോടും പ്രവര്‍ത്തിക്കുകയാണ്. ഈ മാഹാമാരിയെ നേരിടുന്നതിന് സജീവ പങ്കു വഹിക്കുന്നതില്‍ ഞാന്‍ നമ്മുടെ സംസ്ഥാന സര്‍ക്കാരുകളെയും പ്രശംസിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരുകളും നിര്‍വഹിക്കുന്ന ഉത്തരവാദിത്തങ്ങള്‍ക്കും കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ വലിയ പങ്കുണ്ട്. അവരുടെ ഈ ശ്രമങ്ങളും വളരെ അഭിനന്ദനാര്‍ഹങ്ങളാണ്.

രാജ്യമെങ്ങും ആരോഗ്യസേവന മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍, ഈ അടുത്ത സമയത്ത് പുറപ്പെടുവിക്കപ്പെട്ട ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ തങ്ങളുടെ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഈ ഓര്‍ഡിനന്‍സില്‍ കൊറോണ വാരിയേഴ്‌സിനോട് ഹിംസാത്മകോ അവരെ കഷ്ടപ്പെടുത്തുന്നതോ അവര്‍ക്ക് എതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ വളരെ ശക്തമായ ശിക്ഷാനടപടിക്കുള്ള വകുപ്പുചേര്‍ത്തിട്ടുണ്ട്. നമ്മുടെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, കമ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കേഴ്‌സ് (സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകര്‍) പോലെയുള്ള എല്ലാ ആളുകളും രാജ്യത്തെ കൊറോണ മുക്തമാക്കാന്‍ രാപകല്‍ അധ്വാനിക്കുകയാണ്. അവരെ സംരക്ഷിക്കാനുള്ള നടപടി എടുക്കേണ്ടത് ആവശ്യമായിരുന്നു.

പൊലീസുകാര്‍ ഇതിനെ ജനങ്ങളെ സേവിക്കാനുള്ള ഒരു അവസരമായി കണക്കാക്കിയിരിക്കുകയാണ്. ഈ സംഭവങ്ങളിലൂടെ, വരുംകാലങ്ങളില്‍ ശരിയായ അര്‍ഥത്തില്‍ വളരെയധികം ഗുണപരമായ മാറ്റങ്ങള്‍ വരാം, നാമെല്ലാം ഈ ഗുണപരമായ മാറ്റത്തെ അംഗീകരിക്കുമെന്ന് തികഞ്ഞ വിശ്വാസമുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ലോകത്തെ സമ്പന്നമായ രാജ്യങ്ങള്‍ക്ക് മരുന്നിന്റെ കാര്യത്തില്‍ പ്രതിസന്ധി ഏറിയിരുന്നു. ഭാരതം ലോകത്തിന് മരുന്നുകള്‍ നൽകിയില്ലെങ്കിലും ആരും ഭാരതത്തെ കുറ്റപ്പെടുത്തുമായിരുന്നില്ല എന്നതുപോലുള്ള സമയമാണിത്. ഭാരതത്തിനും മുന്‍ഗണന സ്വന്തം പൗരന്മാരുടെ ജീവന്‍ രക്ഷിക്കലാണ് എന്ന് എല്ലാ രാജ്യങ്ങള്‍ക്കും അറിയാം. ഭാരതം സ്വന്തം സംസ്‌കാരത്തിനനുസരിച്ച് തീരുമാനമെടുത്തു. നാം ഭാരതത്തിന്റെ ആവശ്യത്തിനുവേണ്ടി എന്താണോ ചെയ്യേണ്ടത്, അതിനു കൂടുതലായി ശ്രമിച്ചു, എങ്കിലും ലോകമെങ്ങും നിന്നുവരുന്ന മനുഷ്യസമൂഹത്തെ കാക്കാനുള്ള വിളികള്‍ക്കും തികഞ്ഞ ശ്രദ്ധ കൊടുത്തു. നാം ലോകത്തിലെ എല്ലാ ആവശ്യക്കാര്‍ക്കും മരുന്നുകള്‍ എത്തിക്കാന്‍ ഉത്സാഹിച്ചു, മനുഷ്യത്വമാര്‍ന്ന ആ പ്രവര്‍ത്തി ചെയ്തുകാട്ടി. ഇന്ന് അനേകം രാജ്യങ്ങളുടെ ഭരണത്തലവന്മാരുമായി ഞാന്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ അവര്‍ ഭാരത ജനതയോട് കൃതജ്ഞത വ്യക്തമാക്കുന്നു.

ഇപ്പോള്‍ പൊതു സ്ഥലത്ത് തുപ്പിയാല്‍ കുഴപ്പമുണ്ടാകാമെന്ന് എല്ലാ ആളുകളും മനസ്സിലാക്കുന്ന അവബോധം സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. അവിടെയും ഇവിടെയും തോന്നിയേടത്തെല്ലാം തുപ്പുക മോശപ്പെട്ട ശീലങ്ങളിലൊന്നായിരുന്നു. ഒരു തരത്തില്‍ നോക്കിയാല്‍ നമുക്ക് എന്നും ഈ ഒരു പ്രശ്‌നത്തെക്കുറിച്ച് അറിയാമായിരുന്നു, എന്നാല്‍ ആ പ്രശ്‌നം സമൂഹത്തില്‍ നിന്ന് ഇല്ലാതാകുന്ന ലക്ഷണമേ കാട്ടുന്നില്ലായിരുന്നു. ഇപ്പോള്‍ ആ മോശപ്പെട്ട ശീലത്തെ എന്നന്നേക്കുമായി ഇല്ലാതെയാക്കുന്നതിനുള്ള സമയമെത്തിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *