ലോക്ക്ഡൗണ്‍ നീണ്ടാല്‍ ലക്ഷങ്ങള്‍ ദാരിദ്ര്യത്തിലാകും: റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നീണ്ടു പോയാല്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ദാരിദ്ര്യത്തിന്റെ വക്കിലെത്താന്‍ സാദ്ധ്യതയുണ്ടെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ഡി. സുബ്ബറാവു. അതേസമയം കൊറോണ ഭീതി ഒഴിഞ്ഞാല്‍ ഇന്ത്യ മറ്റു രാജ്യങ്ങളേക്കാള്‍ മുന്നേ സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണ പ്രതിസന്ധി ഉടലെടുക്കുന്നതിന് രണ്ടുമാസം മുമ്ബുതന്നെ രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ച മന്ദഗതിയിലായിരുന്നു. നിലവില്‍ അത് പൂര്‍ണമായും നിലച്ചു. കഴിഞ്ഞ വര്‍ഷം സാമ്ബത്തിക വളര്‍ച്ച അഞ്ച് ശതമാനമായിരുന്നു. അതില്‍ നിന്ന് പൂജ്യത്തിലേക്കോ നെഗറ്റീവ് വളര്‍ച്ചയിലേക്കോ ആണ് നീങ്ങുന്നതെന്ന് സുബ്ബറാവു ചൂണ്ടിക്കാട്ടി.

പ്രതിസന്ധി തുടര്‍ന്ന് ലോക്ക്ഡൗണ്‍ ഉടന്‍ പിന്‍വലിക്കാതിരിക്കാനിടയായാല്‍ ലക്ഷക്കണക്കിനു പേര്‍ ദാരിദ്ര്യത്തിന്റെ വക്കില്‍ എത്താനാണ് സാദ്ധ്യത.
ചുഴലിക്കാറ്റോ ഭൂകമ്ബമോ പോലെയുള്ള പ്രകൃതി ദുരന്തമല്ല ഇതെന്നതിനാല്‍ പ്രതിസന്ധിയില്‍ നിന്ന് മറ്റുരാജ്യങ്ങളെ അപേക്ഷിച്ച്‌ വളരെവേഗം കരകയറാന്‍ ഇന്ത്യയ്ക്കാകും. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളൊന്നും നശിച്ചുപോയിട്ടില്ല. ഫാക്ടറികളും കടകമ്ബോളങ്ങളും എല്ലാം അതേപടി തന്നെയുണ്ട്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലുടന്‍ ജോലിക്കിറങ്ങാന്‍ രാജ്യത്തെ ജനങ്ങള്‍ തയാറാെണന്നും സുബ്ബറാവു ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *