ഇടിമിന്നലോടു കൂടിയ മഴ; ഏപ്രിൽ 30 വരെ അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പല ഭാഗത്തും അടുത്ത ഒന്നുരണ്ടു മണിക്കൂർ ശക്തമായ മിന്നലിനു സാധ്യതയുണ്ടെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. ഞായർ വൈകിട്ട് 5 മുതൽ 7 വരെ ജാഗ്രത പാലിക്കണം എന്ന് അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് വ്യക്തമാക്കി. സംസ്ഥാനത്ത് വേനൽമഴയോടനുബന്ധിച്ച് ഇടിമിന്നലോടു കൂടിയ മഴ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

26ന് ഇടുക്കിയിലും 27ന് കോട്ടയത്തും 28ന് പത്തനംതിട്ടയിലും 29ന് കോട്ടയത്തും 30ന് വയനാടും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴയാണ് പ്രവചിച്ചത്. ഏപ്രിൽ 26 മുതൽ 30 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിച്ചു.

കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). ഇത്തരം ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *