കരാറുമായി മുന്നോട്ടുപോകാന്‍ കര്‍ശന ഉപാധികളോടെ അനുമതി; സ്വകാര്യതാ ലംഘനം ഉണ്ടായാൽ വിലക്കും

കൊച്ചി: സർക്കാരിന്റെ സ്പ്രിൻക്ലർ കരാറിന് കർശന ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി.

സ്വകാര്യതാ ലംഘനമുണ്ടായാൽ സ്പ്രിൻക്ലർ കമ്പനിയെ വിലക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് തടസ്സം വരാതിരിക്കാനായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബഞ്ച് അനുമതി നൽകിയിരിക്കുന്നത്.

ഇനി മുതൽ കമ്പനിയുടെ സോഫ്ട്‍വെയറിൽ ഡാറ്റ അപ്ലോഡ് ചെയ്യുന്നതിന് വ്യക്തികളുടെ അനുമതി വാങ്ങിയിരിക്കണം, കമ്പനിക്ക് ഒരു കാരണവശാലും വ്യക്തികളെ തിരിച്ചറിയാൻ കഴിയരുത്, വ്യക്തികളുടെ രഹസ്യാത്മകത ഉറപ്പാക്കണം, കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരസ്യം നൽകാൻ പാടില്ല, കേരള സർക്കാരിന്റെ മുദ്രയും പേരും ഉപയോഗിക്കാൻ പാടില്ല, കരാർ കാലാവധിക്ക് ശേഷം മുഴുവൻ ഡേറ്റയും തിരികെ നൽകണം, സെക്കന്ററി ഡാറ്റകൾ കമ്പനിയുടെ കയ്യിലുണ്ടെങ്കിൽ നശിപ്പിച്ചു കളയണം തുടങ്ങിയ ഉപാധികൾ വച്ചുകൊണ്ടാണ് സർക്കാർ കരാറുമായി മുന്നോട്ടുപോകാൻ അനുവദിച്ചിരിക്കുന്നത്.

സ്പ്രിൻക്ലർ കരാറിൽ സർക്കാർ നടപടികൾ തൃപ്തികരമല്ലെന്നും പലകാര്യങ്ങളിലും ആശങ്കയുണ്ടെന്നും കോടതി പറഞ്ഞിരുന്നു. ഡേറ്റ സംരക്ഷിക്കണമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ കോവിഡ് പ്രതിരോധത്തെ ബാധിക്കുന്ന നടപടികൾ നിർദേശിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

കമ്പനിയെ എങ്ങനെ തിരഞ്ഞെടുത്തെന്നു വ്യക്തമല്ലെന്നിരിക്കെ വിഷയത്തെ ലാഘവത്തോടെ കാണരുത്. ലോകാരോഗ്യ സംഘടനയ്ക്ക് ഡാഷ്ബോർഡ് നിർമിച്ചു നൽകിയത് അവരുടെ എസ്എഎസ് സേവനവുമായി ബന്ധപ്പെടുത്തരുത് എന്നു വ്യക്തമാക്കിയ കോടതി രോഗത്തെക്കാൾ മോശമായ രോഗ പരിഹാരമാണോ സർക്കാർ മുന്നോട്ടു വയ്ക്കുന്നതെന്നും സർക്കാരിനോട് ആരാഞ്ഞു.

കേസിൽ കക്ഷിചേർക്കപ്പെട്ട രമേശ് ചെന്നിത്തല, സി.ആർ.നീലകണ്ഠൻ, ഐടി വിദഗ്ധൻ തുടങ്ങിയവരുടെ വാദത്തിനു ശേഷം സർക്കാർ അഭിഭാഷക വാദം തുടരുന്നതിനിടെയാണ് സർക്കാർ നടപടിക്കെതിരെയുള്ള കോടതിയുടെ പരാമർശം. ഡേറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതു സർക്കാരുകളുടെ ഉത്തരവാദിത്തമെന്ന് അഭിഭാഷക പറഞ്ഞപ്പോൾ അത് എടുത്തു പറഞ്ഞ് വിവര സുരക്ഷിതത്വത്തിൽ കൂടുതൽ കരുതൽ വേണ്ടത് സർക്കാരിനു തന്നെയെന്ന് ഹൈക്കോടതിയും വിശദീകരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *