സെക്രട്ടേറിയറ്റിൽ സന്ദർശകർക്ക് കർശന നിയന്ത്രണം

തിരുവനന്തപുരം: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി.  സന്ദർശകരും ജീവനക്കാരും അടക്കം എല്ലാവർക്കും പനിപരിശോധന ബാധകം. ഇൻഫ്രാറെഡ് തെർമോമീറ്ററിൽ ശരീരോഷ്‌മാവ് 37.2 ഡിഗ്രി സെൽഷ്യസിന് മുകളിലാണെങ്കിൽ പ്രവേശിപ്പിക്കില്ല. അവരുടെ വിലാസം പ്രത്യേക രജിസ്റ്രറിൽ രേഖപ്പെടുത്തിയശേഷം ദിശ ഹെൽപ്‌ ലൈനിൽ അറിയിക്കും.

ഔദ്യോഗിക ആവശ്യങ്ങൾക്ക് വരുന്നവരുടെ പക്കൽ മതിയായ രേഖകൾ ഉണ്ടായിരിക്കണം. അതില്ലാതെ വരുന്നവർക്ക് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ശുപാർശ ചെയ്താൽ പ്രവേശനം അനുവദിക്കുമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിൽ വ്യക്തമാക്കി.

കന്റോൺമെന്റ് ഗേറ്റിലൂടെ മാത്രമെ വാഹനങ്ങൾ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് കടത്തിവിടൂ. സൗത്ത് വെസ്റ്റ് ഗേറ്റിലൂടെ ജീവനക്കാർക്ക് പ്രവേശിക്കാം.​ വാഹനങ്ങൾക്ക് കന്റോൺമെന്റ് ഗേറ്റിലൂടെയും സൗത്ത് വെസ്റ്റ് ഗേറ്റിലൂടെയും പുറത്തേക്ക് പോകാം. അനക്‌സ് 1,​2 കെട്ടിടങ്ങളിലെ ഓരോ ഗേറ്റുകൾ ജീവനക്കാർക്കും വാഹനങ്ങൾക്കും പ്രവേശിക്കാൻ നിജപ്പെടുത്തി. പുറത്ത് പോകാൻ രണ്ടാമത്തെ ഗേറ്റ് ഉപയോഗിക്കണം.

Leave a Reply

Your email address will not be published. Required fields are marked *