സ്പ്രിൻക്ലർ: കരാർ റദ്ദാക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ

കൊച്ചി: സ്പ്രിൻക്ലർ കമ്പനിയുമായി സർക്കാർ ഏർപ്പെട്ട കരാർ റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ. മുഖ്യമന്ത്രി പിണറായി വിജയനെയും ഐടി സെക്രട്ടറി എം.ശിവശങ്കറിനെയും എതിർകക്ഷികളാക്കിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

ഐടി സെക്രട്ടറിക്ക് ഇത്തരത്തിൽ ഒരു കരാർ ഒപ്പിടുന്നതിന് അധികാരമില്ല. മന്ത്രിസഭയോ സർക്കാരോ അറിയാതെയാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ന്യൂയോർക്ക് കോടതിയുടെ പരിധിയിൽ ഇത്തരത്തിൽ ഒരു കരാർ ഒപ്പിട്ടതു ദുരൂഹമാണ്. അതുകൊണ്ടു തന്നെ കമ്പനിക്ക് കോവിഡ് രോഗികളുടെ വിവരങ്ങൾ കൈമാറുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണം.

ഇതുവരെ വിവരങ്ങൾ ശേഖരിച്ച രോഗികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള തുക മുഖ്യമന്ത്രിയിൽ നിന്നും ഐടി സെക്രട്ടറിയിൽ നിന്നും ഈടാക്കണം. ഈ തുക കോവിഡ് രോഗികൾക്ക് കൈമാറി എന്ന് ഉറപ്പു വരുത്താൻ കോടതി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ അഭിഭാഷകനായ ബാലു ഗോപാൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ വെള്ളിയാഴ്ച വാദം കേൾക്കാനിരിക്കെയാണ് പുതിയ ഹർജി. ഇതേ വിഷയം തന്നെ ഉയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല എന്നിവരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *