ഇറ്റാലിയൻ പൗരന് യാത്രയയപ്പ് നൽകി

കോവിഡ് 19: ഇറ്റാലിയൻ പൗരന് യാത്രയയപ്പ് നൽകി

കോവിഡ് 19 രോഗം ഭേദമായ ഇറ്റാലിയൻ പൗരൻ റോബർട്ടോ ടൊണാസോക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ യാത്ര അയപ്പ് നൽകി. ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിനിടെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുമായും അദ്ദേഹം വീഡിയോ കോളിലൂടെ സംസാരിച്ചു. തിരുവനന്തപുരത്തു നിന്ന് കാറിൽ ബാംഗ്ലൂരിൽ എത്തി അവിടെ നിന്ന് ചൊവ്വാഴ്ച പുലർച്ചെയുള്ള വിമാനത്തിൽ സ്വദേശത്തേക്കു പോകും. 57 കാരനായ റോബർട്ടോ വിനോദ സഞ്ചാരത്തിനായാണ് കേരളത്തിലെത്തിയത്. ഇറ്റലിയിൽ രോഗവ്യാപനം ശക്തമായതിനെ തുടർന്ന്  വർക്കലയിൽ നടത്തിയ സ്‌ക്രീനിംഗിലാണ്  ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. മേയർ കെ.ശ്രീകുമാർ, വി.കെ.പ്രശാന്ത് എം.എൽ.എ., ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ തുടങ്ങിയവർ യാത്ര അയപ്പിൽ പങ്കെടുത്തു.സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ജില്ലയിൽ പുരോഗമിക്കുന്നു

കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യ ധാന്യ കിറ്റിന്റെ വിതരണം ജില്ലയിൽ പുരോഗമിക്കുന്നു. ജില്ലയിൽ ആകെ 9,46,866 റേഷൻ കാർഡുകളാണുള്ളത്. ഇതിൽ 62921 എ.എ.വൈ (മഞ്ഞ) കാർഡുകളിൽ 60968  കാർഡുകാർക്ക്  ഇതിനോടകം സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നൽകിക്കഴിഞ്ഞു. 3,91,701 പി.എച്ച്.എച്ച് കാർഡുകളുടെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ബുധനാഴ്ച മുതൽ ആരംഭിക്കും.

കൊറോണക്കാലത്ത് ആർക്കും ഭക്ഷണത്തിനുവേണ്ടി ബുദ്ധിമുട്ടരുതെന്ന സർക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ ഭാഗമായിട്ടാണ് ഭക്ഷ്യവിഭവങ്ങൾ സപ്ലൈകോ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നത്. പഞ്ചസാര, ചായപ്പൊടി, ഉപ്പ് , ചെറുപയർ, കടല, വെളിച്ചെണ്ണ, ആട്ട, റവ, മുളകുപൊടി, മല്ലിപ്പൊടി, പരിപ്പ്, മഞ്ഞൾപ്പൊടി, ഉലുവ, കടുക്, സോപ്പ്, സൺ ഫ്‌ളവർ ഓയിൽ, ഉഴുന്ന് എന്നിങ്ങനെ 17 ഇനം നിത്യോപയോഗ സാധനങ്ങൾ അടങ്ങുന്നതാണ് കിറ്റ്. ഇവ ആവശ്യമില്ലാത്തവർക്ക് സിവിൽ സപ്ലൈസിന്റെ വെബ്സൈറ്റ് സന്ദർശിച്ച് ഡൊണേറ്റ് മൈ കിറ്റ് എന്ന ഓപ്ഷൻ വഴി സംഭാവന ചെയ്യാനും സൗകര്യമുണ്ട്.

ആശുപത്രികൾ നടത്തുന്നത് സമാനതകളില്ലാത്ത പ്രവർത്തനം

കോവിഡ് -19 പ്രതിരോധത്തിന് ജില്ലയിലെ ആശുപത്രികൾ നടത്തുന്നത് സമാനതകളില്ലാത്ത പ്രവർത്തനം.  മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് കോവിഡ് -19 ഐസോലേഷൻ വാർഡുകൾ  പ്രധാനമായും സജ്ജികരിച്ചിരിക്കുന്നത്. കൂടാതെ എസ്.എ.ടി, മാനസികരോഗ്യ കേന്ദ്രം, പേരൂർക്കട ആശുപത്രി, നെടുമങ്ങാട്, നെയ്യാറ്റിൻകര, പാറശാല, ചിറയിൻകീഴ് എന്നിവിടങ്ങളിലെ താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലും ഐസൊലേഷൻ വാർഡുകൾ ഒരുക്കി. ജില്ലയിലെ ഒൻപത് സ്വകാര്യ ആശുപത്രികളും കോവിഡ് നിരീക്ഷണ – പ്രതിരോധ പ്രവർത്തങ്ങളിൽ പങ്കാളികളാണ്.

സംസ്ഥാനത്ത് കോവിഡ് രോഗം സ്ഥിതികരിച്ചതു മുതൽ ജില്ലയിലെ ആശുപത്രികളിൽ അടിയന്തിര സാഹചര്യം നേരിടാനുള്ള എല്ലാം മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. പ്രത്യേക കോവിഡ് -19 ഓ.പികൾ, ഫാർമസികൾ എന്നിവ ആരംഭിക്കുകയും ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 225 ഐസോലേഷൻ വാർഡുകളും ജനറൽ ആശുപത്രിയിൽ 50,   എസ്. എ. ടിയിൽ 45, ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിൽ ആകെക്കൂടി 60 വാർഡുകളും ക്രമീകരിച്ചു. സ്വകാര്യ ആശുപത്രികളിൽ 745 എണ്ണവും ഒരുക്കി.

കോവിഡ് രോഗികളുമായി നിരന്തരം സമ്പർക്കത്തിൽ ഏർപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ  വിദഗ്ധ പരിശീലനം നൽകിയിരുന്നു. സ്വകാര്യ ആശുപത്രികളിലെ അടക്കമുള്ള ഡോക്ടർമാർ, നഴ്‌സുമാർ പാരാമെഡിക്കൽ സ്റ്റാഫ്, പിജി മെഡിക്കൽ വിദ്യാർത്ഥികൾ തുടങ്ങി ശുചീകരണ തൊഴിലാളികൾക്ക് വരെ പ്രത്യേക പരിശീലവും നൽകി. പേഴ്‌സണൽ പ്രൊട്ടക്ഷൻ എക്യുമെൻസ് (പി.പി.ഇ) ഉപയോഗിക്കുന്നത് മുതൽ കൈകഴുകുന്നതിനുള്ളപരിശീലനം വരെ ഇതിൽ ഉൾപ്പെട്ടിരുന്നു. ഇന്റൻസിവ്  കെയർ തുടങ്ങി വിവിധ പരിശീലനങ്ങൾ ഇപ്പോഴും മെഡിക്കൽ കോളേജിൽ പുരോഗമിക്കുന്നു.

രോഗികളുടെ പരിശോധിക്കുന്നതിനാൽ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഇ.സി.ജി മെഷീൻ, ഡയാലിസിസ് മെഷീൻ, എക്‌സ്-റേ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ ഓരോതവണയും ഉപയോഗത്തിനു ശേഷവും അണു വിമുക്തമാക്കാനുള്ള സംവിധാനങ്ങളും ആശുപത്രികളിൽ സജ്ജീകരിച്ചു. ആംബുലൻസുകൾ അണുവിമുക്തമാക്കാൻ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നേതൃത്വത്തിലുള്ള ടീം മെഡിക്കൽ കോളേജിലും  ജനറൽ ആശുപത്രിയിലും പ്രവർത്തിച്ചുവരുന്നു. ലോകാരോഗ്യ സംഘടനയുടെ കോവിഡ് -19 മാർഗ നിർദേശ പ്രകാരമുള്ള ചികിത്സയാണ് ആശുപത്രികളിൽ നടക്കുന്നത്. ഇതിനായി ഡോക്ടർമാരും പാരാമെഡിക്കൽ അംഗങ്ങളും മികച്ച ടീമായി ആശുപത്രികളിൽ പ്രവർത്തിച്ചു.
ചികിത്സയോടൊപ്പം മാനസികാരോഗ്യത്തിന്പ്രത്യേക സൗകര്യം എല്ലാം ആശുപത്രികളും നൽകി.  ഇതിനായി സന്നദ്ധസംഘടനകളുടെ സഹായത്തോടെ പുസ്തകങ്ങളടക്കം വാർഡുകളിൽ എത്തിച്ചു നൽകുന്നു. ഐസോലേഷനിൽ കഴിയുന്നവർക്കായി പോഷകസമൃദ്ധമായ പ്രത്യേക ഭക്ഷണമാണ് ആശുപത്രി കാന്റീൻനിൽ നിന്നും നൽകിവരുന്നത്.

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (20.04.2020)

*ഇന്ന് ജില്ലയിൽ പുതുതായി  67 പേർ  രോഗനിരീക്ഷണത്തിലായി
327 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.* ജില്ലയിൽ   1,356 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി  18 പേരെ പ്രവേശിപ്പിച്ചു  31 പേരെ ഡിസ്ചാർജ് ചെയ്തു.

* തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 48 പേരും ജനറൽ ആശുപത്രിയിൽ 10 പേരും  എസ്.എ.റ്റി ആശുപത്രിയിൽ 6 പേരും  ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ 6 പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ  27 പേരും ഉൾപ്പെടെ 97 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്

*ജില്ലയിൽ പോസിറ്റീവായവരിൽ മണക്കാട് സ്വദേശിയായ സ്ത്രീക്ക് മാത്രമാണ്  ഇപ്പോൾ രോഗമുള്ളത്. ചികിത്സയിലുണ്ടായിരുന്ന കുട്ടിയുടെ രണ്ട് തുടർ പരിശോധനാ ഫലങ്ങളും നെഗറ്റീവായി.

* ഇന്ന്  49  സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് ലഭിച്ച 52 പരിശോധനാഫലവും നെഗറ്റീവാണ്. ഇതു വരെ പതിനാറ് പേർക്കാണ് പോസിറ്റീവായത്.

കൊറോണ കെയർ സെന്ററുകൾ

* കരുതൽ നിരീക്ഷണത്തിനായി മാർ ഇവാനിയോസ് ഹോസ്റ്റലിൽ  പേരെ താമസിപ്പിച്ചിട്ടുണ്ട്

വാഹന പരിശോധന

* അമരവിള, കോഴിവിള,ഇഞ്ചിവിള,ആറുകാണി,വെള്ളറട,നെട്ട,കാരക്കോണം-കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറഎന്നിവിടങ്ങളിലായി  5765 വാഹനങ്ങളിലെ  9242 യാത്രക്കാരെ  സ്‌ക്രീനിംഗ് നടത്തി.
*കളക്ടറേറ്റ് കൺട്‌റോൾ റൂമിൽ 174 കാളുകളും ദിശ കാൾ സെന്ററിൽ 59 കാളുകളുമാണ് ഇന്ന്
എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന  14 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 31 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് . ഇതുവരെ  21714 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -1510

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -1356

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -97

4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -57

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -67

Leave a Reply

Your email address will not be published. Required fields are marked *