സംസ്ഥാനത്ത് മേയ് 3 വരെ ബസ് സര്‍വ്വീസ് ഉണ്ടാവില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 3 വരെ ബസ് സര്‍വ്വീസ് ഉണ്ടാവില്ല. ലോക്ക്ഡൗണ്‍ കഴിയുന്നത് വരെ ഒരുമേഖലയിലും ബസുകള്‍ ഓടില്ല. മേയ് മൂന്നിന് ശേഷം മാത്രമായിരിക്കും ബസ് സര്‍വീസുകള്‍ക്ക് അനുമതി നല്‍കുക. ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ റെഡ് സോണ്‍ ഒഴികെയുള്ള മേഖലകളില്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ബസ് സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശം സര്‍ക്കാര്‍ തിരുത്തുമെന്നാണ് പുറത്തു വരുന്ന വിവരം.

ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ചില ജില്ലകളില്‍ വാഹനങ്ങള്‍ പുറത്തിറക്കാമെങ്കിലും അന്തര്‍ജില്ലാ ഗതാഗതം അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ നിയന്ത്രണ വിധേയമായി ബസോടിക്കാന്‍ കഴിയില്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. തീരുമാനം പുനപരിശോധിക്കണമെന്ന് ശശീന്ദ്രന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ജനജീവിതം സാധാരണ നിലയിലായ ശേഷം സര്‍വീസ് ആരംഭിക്കാമെന്നാണ് തന്റെ അഭിപ്രായമെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തെ നാലു സോണുകളായി തിരിച്ചാണ് നിയന്ത്രങ്ങളില്‍ ഇളവ് കൊണ്ടു വരുന്നത്. റെഡ് സോണില്‍പ്പെടുന്ന കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. ഈ ജില്ലയിലേക്ക് യാത്ര അനുവദിക്കില്ല. തിങ്കളാഴ്ച മുതല്‍ ഇളവ് വരുന്ന ഗ്രീന്‍, ഓറഞ്ച് ബി സോണുകളില്‍പ്പെട്ട ജില്ലകളില്‍ ചില ഇളവുകള്‍ ഉണ്ടാകും. ഈ ജില്ലകളില്‍ തുറക്കുന്ന ഓഫീസുകളിലേക്ക് അവശ്യ സര്‍വ്വീസുകാര്‍ക്ക് വാഹനം നിരത്തിലിറക്കാം. സംസ്ഥാനത്ത് നിയന്ത്രണ വിധേയമായി ബസ് സര്‍വീസ് നടത്താനാകില്ലെന്ന് സ്വകാര്യബസ് ഉടമകളും സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഒരു സീറ്റില്‍ ഒരാളെ ഇരുത്തി സര്‍വീസ് മുന്നോട്ടു കൊണ്ടു പോകാനാകില്ലെന്നും കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗസൈസേഷന്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *