നാലാഴ്ച പുതിയ കോവിഡ് കേസുകള്‍ ഉണ്ടാവരുത്; വൈറസ് വ്യാപനം ഇല്ലെന്ന് കണക്കാക്കാം

ന്യൂഡല്‍ഹി: ഒരു മേഖലയില്‍ കഴിഞ്ഞ 28 ദിവസ കാലയളവില്‍ പുതിയ കോവിഡ് കേസുകള്‍ വരാതിരിക്കുകയോ, അവസാനത്തെ കോവിഡ് ബാധിതന്റെ പരിശോധനാ ഫലം നെഗറ്റീവ് ആകുകയോ ചെയ്താല്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ ചങ്ങല പൊട്ടിച്ചതായി കണക്കാക്കാമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമായി നിര്‍ദേശിക്കുന്നത് സാമൂഹിക അകലം പാലിക്കാനാണ്. സാമൂഹിക അകലവുമായി ബന്ധപ്പെട്ട് വ്യക്തികളുടെ സ്വഭാവത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ, രാജ്യത്ത് പുതുതായി 1463 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഒരുദിവസം തന്നെ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സമയപരിധിയില്‍ 29 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൂടുതല്‍ രോഗബാധിതരെ കണ്ടെത്തിയതോടെ, രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 10,815 ആയി. ഇതില്‍ 9272 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 353 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്് മരിച്ചതായും ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കി.1190 പേര്‍ കോവിഡ് മുക്തരായെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഓരോ ജില്ലയെയും നഗരത്തെയും വിലയിരുത്തുന്ന നടപടി ഏപ്രില്‍ 20 വരെ തുടരും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിവിധ ജില്ലകളിലും നഗരങ്ങളിലും ഉണ്ടായ പുരോഗതിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. കോവിഡ് നിയന്ത്രണവിധേയമായാല്‍ തെരഞ്ഞെടുത്ത മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവുകള്‍ അനുവദിക്കുമെന്നും ലാവ് അഗര്‍വാള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *