ആറ് മലയാളി നഴ്സുമാര്‍ക്ക് കോവിഡ്

മുംബൈ: മുംബൈയില്‍ ആറ് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ധാരാവിയില്‍ മരണം ഏഴായി. പുണെയില്‍ നാല് മരണംകൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 165 ലേക്ക് ഉയര്‍ന്നു. 2515 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്.

സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് 11 കോടി ജനങ്ങളുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനം കടന്നുപോകുന്നത്. മുംബൈയിൽ മാത്രം കോവിഡ് മരണം 100 കടന്നു. മഹാനഗരത്തിലെ രോഗികളുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുന്നു. ആരോഗ്യപ്രവര്‍ത്തകരിലെ രോഗവ്യാപനം തുടരുകയാണ്. ഭാട്യ ആശുപത്രിയില്‍ ആറ് മലയാളി നഴ്സുമാര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇവിടെ 4 മലയാളി നഴ്സുമാര്‍ നേരത്തെ കോവിഡ് പോസിറ്റീവായിരുന്നു. മുംബൈയില്‍ മാത്രം 70 മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

പൊലീസുകാരിലും രോഗം കണ്ടെത്തുന്നത് ആശങ്കവര്‍ധിപ്പിക്കുന്നു.  മുമ്പ്ര സ്റ്റേഷനിലെ 3 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. 38 പേരെ നിരീക്ഷണത്തിലാക്കി. എൻസിപി മന്ത്രി ജിതേന്ദ്ര അവാഡിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന 5 പൊലീസുകാരും പോസിറ്റീവായി. മന്ത്രി ക്വാറന്‍റീനില്‍ പ്രവേശിച്ചു.

ധാരാവിയില്‍ സ്ഥിതി രൂക്ഷമാണ്. ഇന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്ത ചേരിയില്‍ ശനിയാഴ്ച മരിച്ച 52കാരന്‍റെ ഫലവും പോസീറ്റവായി. ചേരിയില്‍ 55 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. താമസക്കാരുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ചേരിനിവാസികള്‍ക്ക് ഹൈഡ്രോക്സി ക്ലോറോക്വീന്‍ മരുന്ന് നല്‍കി തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *