ഓപ്പറേഷന്‍ സാഗര്‍ റാണി: 8 ദിവസത്തിനിടെ 1 ലക്ഷം കിലോ മത്സ്യം പിടികൂടി

തിരുവനന്തപുരം: മായം ചേര്‍ത്ത മത്സ്യം വില്‍ക്കുന്നതിനെതിര ഭക്ഷ്യസുരക്ഷ വകുപ്പ് ആവിഷ്ക്കരിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന 8 ദിവസത്തെ പരിശോധനകളില്‍ 1,00,508 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

ഈസ്റ്റര്‍ ദിവസത്തില്‍ സംസ്ഥാനത്താകെ 117 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. 4 വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം സംസ്ഥാനത്ത് കൊണ്ടുവരുന്നതും സംഭരിക്കുന്നതും വില്‍ക്കുന്നതും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരം കുറ്റകരമാണ്.

മത്സ്യം കേടാകാതെ സൂക്ഷിക്കുന്നതിന് രാസവസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അതത് ജില്ലകളിലെ അസി. ഭക്ഷ്യസുരക്ഷ കമ്മീഷണര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ വളരെയേറെ ബുദ്ധിമുട്ടുന്ന ഈ ലോക് ഡൗണ്‍ കാലത്ത് അവരുടെ ആരോഗ്യത്തെ പോലും ഗുരുതരമായി ബാധിക്കുന്നതാണ് ഇത്തരം മത്സ്യങ്ങള്‍. അതിനാലാണ് ഓപ്പറേഷന്‍ സാഗര്‍ റാണി വീണ്ടും ശക്തിപ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *