ഉപാധികളോടെ ലോക്ഡൗണ്‍ നീട്ടാമെന്ന് കേരളം അറിയിക്കും

തിരുവനന്തപുരം : ലോക്ഡൗൺ 14നു ശേഷവും നീട്ടാനാണു കേന്ദ്ര നിർദേശമെങ്കിൽ ഉപാധികളോടെ ആകാമെന്ന്‌ കേരളം.
സംസ്ഥാനങ്ങൾക്കു പ്രാദേശിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇളവ് അനുവദിക്കാൻ അനുമതി വേണമെന്നാണു കേരളത്തിന്റെ നിലപാട്.  സംസ്ഥാനങ്ങളുടെ താൽപര്യമറിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി നടത്തുന്ന വിഡിയോ കോൺഫറൻസിൽ ഇക്കാര്യം കേരളം അറിയിക്കും.

കേരളത്തിൽ കോവിഡ് നിയന്ത്രണവിധേയമാണെങ്കിലും രാജ്യത്തിന്റെ മറ്റു പല ഭാഗത്തും സമൂഹവ്യാപനമുണ്ട്. ലോക്ഡൗൺ പിൻവലിച്ചാൽ ഇവിടങ്ങളിലുള്ളവർ കേരളത്തിലേക്കു കൂട്ടമായി വരുന്നതു കടുത്ത ഭീഷണിയാകുമെന്നാണു വിലയിരുത്തൽ.  സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ലോക്ഡൗണിൽ ഇളവ് അനുവദിക്കാൻ സംസ്ഥാനങ്ങൾക്കു സ്വാതന്ത്ര്യവും വേണം. കോവിഡ് ഭീഷണി ഒഴിവാകുന്ന മുറയ്ക്കു വരുമാന സാധ്യതയുള്ള മേഖലകൾ വ്യവസ്ഥകളോടെ തുറക്കാനാകണം. ഓരോ ജില്ലയിലെയും സ്ഥിതി വിലയിരുത്തിയാകും ഇളവ്. ലോക്ഡൗൺ അവസാനിപ്പിച്ചാലും നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായേ പിൻവലിക്കാവൂ എന്നാണു കേരളത്തിന്റെ അഭിപ്രായം./F

Leave a Reply

Your email address will not be published. Required fields are marked *