ഇന്ത്യയിൽ 17 കോവിഡ് മരണം കൂടി; ആകെ 166 മരണം

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ച് ഇന്ത്യയിൽ 17 പേർ മരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുവരെ ആകെ 166 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 1,30,000 സാംപിളുകൾ പരിശോധിച്ചതിൽ 5734 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 549 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച 13,143 സാംപിളുകളാണ് പരിശോധിച്ചത്. 473 പേർ രോഗമുക്തരായി ആശുപത്രി വിട്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു.

പിപിഇ കിറ്റുകളുടെയും വെന്റിലേറ്ററുകളുടെയും വിതരണം ആരംഭിച്ചു. പിപിഇ കിറ്റുകളുടെയും വെന്റിലേറ്ററുകളുടെയും നിർമാണത്തിന് രാജ്യത്തെ 20 സ്ഥാപനങ്ങൾക്ക് ചുമതലപ്പെടുത്തിയിട്ടുണ്ട്. 49,000 വെന്റിലേറ്ററുകൾക്കും 1.7 കോടി പിപിഇ കിറ്റുകൾക്കു ഓർഡർ നൽകി.

2,500 ഡോക്ടർമാരെയും 35,000 പാരമെഡിക്കൽ സ്റ്റാഫിനെയും റെയിൽവേ നിയോഗിച്ചിട്ടുണ്ട്. റെയിൽവേയുടെ ശൃഖലയിലുള്ള 586 ആരോഗ്യ യൂണിറ്റുകൾ, 45 സബ് ഡിവിഷൻ ആശുപത്രികൾ, 56 ഡിവിഷനൽ ആശുപത്രികൾ, 8 യൂണിറ്റ് ആശുപത്രികൾ, 16 മേഖലാ ആശുപത്രികൾ എന്നിവ കോവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്നു.

80,000 ഐസലേഷൻ കിടക്കകൾ തയാറാക്കുന്നതിന്റെ ഭാഗമായി റെയിൽവേ 5,000 കോച്ചുകൾ ഐസലേഷൻ യൂണിറ്റുകളാക്കി മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇതുവരെ 3,250 കോച്ചുകളിൽ ഐസലേഷൻ സൗകര്യം സജ്ജമായെന്നും ലവ് അഗർവാൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *