നിരീക്ഷണത്തിലുള്ള പെണ്‍കുട്ടിയുടെ വീടിന് കല്ലെറിഞ്ഞ 6 പ്രവര്‍ത്തകരെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ട: കോവിഡ് 19 നിരീക്ഷണത്തിലുള്ള പെണ്‍കുട്ടിയുടെ വീടിന് കല്ലെറിഞ്ഞ സംഭവത്തില്‍ ആറ് പ്രവര്‍ത്തകരെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു. രാജേഷ്, അശോകന്‍, അജേഷ്, സനല്‍, നവീന്‍, ജിന്‍സണ്‍ എന്നിവരെയാണ് പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയതത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ജില്ലാ സെക്രട്ടറിയുടെ വാര്‍ത്താക്കുറിപ്പില്‍ പ്രവര്‍ത്തകരായിട്ടുള്ള ആറുപേര്‍ക്ക് പങ്കുവണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. മനുഷ്യത്വരഹിതമായ നടപടിയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന വിമര്‍ശനവുമുണ്ട്. അക്കാരണത്താല്‍ ഇവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നുവെന്നാണ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം ഉണ്ടായത്. കോവിഡ് 19 നിരീക്ഷണത്തിലുള്ള പെണ്‍കുട്ടിയുടെ പിതാവ് നാട്ടില്‍ പലയിടത്തും കറങ്ങി നടക്കുന്നുണ്ടെന്ന തരത്തില്‍ പരാതി ഉയര്‍ന്നിരുന്നു. തണ്ണീര്‍ത്തോട് വാട്‌സാപ്പ് കൂട്ടായ്മയില്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പലരും ഉയര്‍ത്തുകയും പലരും ശബ്ദസന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു. നാട്ടിലിറങ്ങിയ ഇയാളെ പിടികൂടി തല്ലിച്ചതക്കണമെന്ന തരത്തില്‍ സന്ദേശമുണ്ടായിരുന്നു.

ഇതു ശ്രദ്ധയില്‍ പെട്ട പെണ്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി അയച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് ആറോളം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അക്രമം നടത്തുകയും വീടിന് കല്ലെറിയുകയും ചെയ്യുന്ന സാഹചര്യവുമുണ്ടായത്. അന്നു തന്നെ പോലീസ് കേസെടുത്തെങ്കിലും മുഖ്യമന്ത്രി ഈ വിഷയത്തില്‍ ശക്തമായ നടപടിക്ക് നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്. മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *