കോവിഡ് -19 പാകിസ്താനില്‍ വ്യാപകമായി പടരാന്‍ സാധ്യത: പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: വരുംദിനങ്ങളില്‍ കോവിഡ് -19 രോഗബാധ പാകിസ്താനില്‍ വ്യാപകമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ജനങ്ങള്‍ സമൂഹ്യ അകലം പാലിക്കണമെന്നും വൈറസ് വ്യാപനം തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ആളുകള്‍ മരിക്കുന്നത് കുറവായതുകൊണ്ട് രാജ്യത്ത് കോവിഡ് ബാധ വളരെ പതുക്കെയാണ് പടരുന്നതെന്ന വിചാരം തെറ്റാണ്. വൈറസ് വളരെ വേഗം പടര്‍ന്നുപിടിക്കാം. വരും ദിനങ്ങളില്‍ സാഹചര്യം ഇതിലും വഷളാകുമെന്നും ഇമ്രാന്‍ ഖാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ യൂറോപ്പിലും അമേരിക്കയിലും സംഭവിച്ചതുപോലെ നമുക്കും പ്രശ്‌നങ്ങള്‍ ഉണ്ടാകും. ലോക്ക് ഡൗണ്‍ കൊണ്ടുമാത്രം ഇതിന് പരിഹാരം കാണാന്‍ സാധിക്കില്ല, ജനങ്ങള്‍ സമൂഹ്യ അകലം പാലിക്കുക കൂടി വേണമെന്നും പോലീസും ഭരണകൂടവും ജനങ്ങളെ വീട്ടില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിതരാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന്റെ സാഹചര്യം കണക്കിലെടുത്ത് രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രാവര്‍ത്തികമല്ല. ജനങ്ങള്‍ സ്വയം നിയന്ത്രണങ്ങള്‍ പാലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിലെ നിലവിലെ കണക്കുകള്‍ പ്രകാരം 4,409 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 64 പേര്‍ ഇതുവരെ മരിച്ചു. പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലാണ് രോഗബാധിതര്‍ ഏറെയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *