പ്രവാസി മലയാളികള്‍ക്കായി ഹെല്‍പ് ഡെസ്‌ക്; ടെലിമെഡിസിന്‍ സംവിധാനം

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന വിഷമതകളെ അഭിമുഖീകരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. ഇവര്‍ അനുഭവിക്കുന്ന വിഷമതകള്‍ പ്രധാന പ്രശ്‌നങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അമേരിക്കയിലും മറ്റും മലയാളികള്‍ കോവിഡ് ബാധിച്ച്‌ മരിക്കുന്ന വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുന്നു. പല രാജ്യങ്ങളില്‍ നിന്നും എന്തുചെയ്യണമെന്നറിയാതെ നാട്ടിലേക്ക് വിളിക്കുന്നു. പ്രവാസി മലയാളികള്‍ കൂടുതലായുള്ള രാജ്യങ്ങളില്‍ അഞ്ച് കോവിഡ് ഹെല്‍പ് ഡെസ്‌കുകള്‍ വിവിധ സംഘടനകളുമായി സഹകരിച്ച്‌ നോര്‍ക്ക ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളും അവിടെയുള്ള വിവിധ സംഘടനകളും അടങ്ങുന്ന ഗ്രൂപ്പുകള്‍ രൂപീകരിച്ച്‌ പ്രവര്‍ത്തനം നടത്തുകയാണ് ചെയ്യുകയെന്നും ഈ ഹെല്‍പ്പ് ഡെസ്‌കുകളുമായി സഹകരിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍മാരോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ ഡോക്ടര്‍മാരുമായി വിഡിയോ, ഓഡിയോ കോളുകള്‍ മുഖേനെ അവര്‍ക്ക് സംസാരിക്കാം. നോര്‍ക്ക് വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്ത് ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ക്ക് നിവൃത്തി വരുത്താവുന്നതാണ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകിട്ട് ആറുവരെയാണ് പ്രമുഖ ഡോക്ടര്‍മാരുടെ സേവനം ഇത്തരത്തില്‍ ലഭിക്കുക.

ജനറല്‍ മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോ, ഇ.എന്‍.ടി, ഒഫ്താല്‍മോളജി തുടങ്ങിയ മേഖലകളിലുള്ള ഡോക്ടര്‍മാരുടെ സേവനമാണ് ലഭിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

വിദേശത്ത് ആറുമാസത്തില്‍ കുറയാതെ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന മലയാളികള്‍ക്ക് നോര്‍ക്കയില്‍ രജിസ്‌ട്രേഷന്‍ കാര്‍ഡ് ഇപ്പോഴുണ്ട്. അത് വിദേശങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്കും ഏര്‍പ്പെടുത്തും. മലയാളി വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന് നോര്‍ക്ക് റൂട്‌സ് ഓവര്‍സീസ് സ്റ്റുഡന്റ് രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും വിമാനയാത്രാക്കൂലി ഇളവും ലഭ്യമാക്കും. വിദേശത്ത് പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികളും ഇനി പഠനത്തിന് പോകുന്നവരും ഇതില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *