മനസ്സില്‍ കുരുത്തോലയേന്തി വിശ്വാസനിറവില്‍ ഓശാന

കൊച്ചി : ചരിത്രത്തിലാദ്യമായി ജനപങ്കാളിത്തമില്ലാതെ ക്രൈസ്തവര്‍ ഓശാന ആചരിച്ചു. ചടങ്ങുകളില്‍ വൈദികരടക്കം അഞ്ചുപേരേ പാടുള്ളൂവെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇത് കര്‍ശനമായി പാലിച്ചാണ് ഓശാന ആചരണം നടന്നത്.

പതിവ് തിരുകര്‍മങ്ങളും കുരുത്തോല വെഞ്ചരിപ്പ് കര്‍മങ്ങളും പള്ളിയില്‍ നടന്നു. കുരുത്തോലപ്രദക്ഷിണം ഒഴിവാക്കി. പള്ളികളിലെ ശുശ്രൂഷകള്‍ ടെലിവിഷനിലും സാമൂഹിക മാധ്യമങ്ങളിലും തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

മധ്യകേരളത്തിലെ ചില പള്ളികളില്‍ ആശീര്‍വദിച്ച കുരത്തോലകള്‍ വിശ്വാസികള്‍ക്ക് വീടുകളിലെത്തിച്ചുനല്‍കി.

മറ്റൊരുദിവസം കുരുത്തോല വെഞ്ചരിച്ചു നല്‍കാനാണ് പൊതു തീരുമാനം. എറണാകുളം സെയ്ന്റ് മേരീസ് ബസിലിക്കയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തിലായിരുന്നു ശുശ്രൂഷകള്‍. എറണാകുളം സെയ്ന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വരാപ്പുഴ ആര്‍ച്ച്‌ ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്ബില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

കോതമംഗലം സെയ്ന്റ് ജോര്‍ജ് കത്തീഡ്രലില്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലും ഫോര്‍ട്ട്കൊച്ചി ബിഷപ്സ് ഹൗസ് ചാപ്പലില്‍ കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിലും മുഖ്യകാര്‍മികത്വം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *