ആള്‍ക്കൂട്ടമില്ലാതെ ക്രെെസ്‌തവ വിശ്വാസികള്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു

തൃശൂര്‍: ക്രെെസ്‌തവ വിശ്വാസികള്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ആള്‍ക്കൂട്ടമില്ലാതെ ചടങ്ങുകള്‍. ക്രെെസ്‌തവ വിശ്വാസ പ്രകാരമുള്ള ചടങ്ങുകള്‍ പള്ളികളില്‍ നടക്കുമെങ്കിലും ജനപങ്കാളിത്തം ഉണ്ടാകില്ല. അഞ്ചുപേരില്‍ താഴെ മാത്രമേ ചടങ്ങുകളില്‍ പാടുള്ളൂവെന്ന നിര്‍ദേശം പാലിക്കണമെന്നു സഭാപിതാക്കന്മാര്‍ ദേവാലയങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേവാലയങ്ങളില്‍ കുരുത്തോല ആശീര്‍വാദം നടന്നെങ്കിലും വിതരണം ഉണ്ടായില്ല. വിശുദ്ധ കുര്‍ബാനയുടെയും ഓശാന ചടങ്ങുകളുടെയും തത്സമയ സംപ്രേഷണം വിവിധ ചാനലുകളില്‍ ഒരുക്കിയിട്ടുണ്ട്. വീടുകളില്‍ ഇരുന്ന് തത്സമയം കുര്‍ബാനയില്‍ പങ്കെടുക്കാനാണ് രൂപതാ അധ്യക്ഷന്‍മാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ജറുസലേമിലേക്ക് കഴുതപ്പുറത്തേറി വന്ന ക്രിസ്തുദേവനെ, ഒലിവ് മരച്ചില്ലകള്‍ വഴിയില്‍ വിരിച്ച്‌, ഓശാന പാടി സ്വീകരിച്ചെന്നാണ് വിശ്വാസം. യേശുക്രിസ്തുവിനെ ഒലിവിന്‍ ചില്ലകളും ജയ്‌വിളികളുമായി ജറുസലേമിലെ ജനക്കൂട്ടം സ്വീകരിച്ചതിന്റെ ഓര്‍മ പുതുക്കിയാണ് ക്രൈസ്തവര്‍ ഓശാന ദിനം ആചരിക്കുന്നത്. ഈസ്റ്ററിന് മുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന ഞായര്‍. കേരളത്തില്‍ ‘കുരുത്തോല പെരുന്നാള്‍’ എന്നറിയപ്പെടുന്ന ഈ ദിനത്തോടെയാണ് ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്നത്. അന്ത്യത്താഴ സ്മരണയിലെ പെസഹ വ്യാഴം, കുരിശു മരണ ദിനമായ ദുഃഖവെള്ളി എന്നി ആത്മീയ ദിനങ്ങളിലൂടെ കടന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പ് ദിനമായ ഈസ്റ്ററോടെ വിശുദ്ധ വാരം പൂര്‍ത്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *