കൊറോണ : ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 83; രോഗ ബാധിതര്‍ 3577

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 83 ആയി. 505 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രോഗ ബാധിതരുടെ എണ്ണം 3577 ആയി. രാജ്യത്തെ 274 ജില്ലകളെ കൊറോണ ബാധിച്ച്‌ കഴിഞ്ഞു. തീവ്രബാധിത മേഖലകളെ ബഫര്‍സോണുകളായി പരിഗണിച്ച്‌ കൂടുതല്‍ നിയന്ത്രണങ്ങളും സംരക്ഷണവും ഏര്‍പ്പെടുത്തും.

കൊറോണ തീവ്രബാധിത മേഖലകളിലും രോഗ ബാധ സംശയിക്കുന്നിടങ്ങളിലും റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ചയോടെ പരിശോധനക്കുള്ള കൂടുതല്‍ കിറ്റുകള്‍ ലഭ്യമാക്കും. കൊറോണ സ്ഥിരീകരിച്ചാല്‍ ലാബുകള്‍ക്ക് നേരിട്ട് ഐസിഎംആറിനെ വിവരം അറിയിക്കാമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ വേഗത കൂടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ കേസുകള്‍ ഇരട്ടിയാകുന്നതിന്റെ നിരക്ക് 4.1 ദിവസമായി വര്‍ദ്ധിച്ചു. മഹാരാഷ്ട്രയില്‍ കൊറോണ രോഗികളുടെ എണ്ണം 700 കടന്നു. 113 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 748 ആയി. ഇന്നലെ മാത്രം 13 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 45 ആയി.

മുംബൈ നഗരത്തില്‍ മാത്രം ഇതുവരെ 30 പേരാണ് മരിച്ചത്. മുംബൈയില്‍ രോഗികളുടെ എണ്ണം 500 ലേക്ക് എത്താറായി. ധാരാവിയില്‍ ഇന്നലെ രാത്രി 20 കാരന് കൂടി രോഗം സ്ഥിരീകരിച്ചത് ആശങ്കയേറ്റുന്നു. ധാരാവി ചേരി പ്രദേശത്ത് രോഗം ബാധിച്ചവരുടെ എണ്ണം ആറായി.

Leave a Reply

Your email address will not be published. Required fields are marked *